മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ കുഞ്ഞിന്റെ സംരക്ഷണം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

news image
Jul 25, 2023, 8:55 am GMT+0000 payyolionline.in

തിരുവനന്തപുരം:  കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മന്ത്രി എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു. അബോധാവസ്ഥയിലായിരുന്ന കുട്ടിയേയാണ് എസ്എടി. ആശുപത്രിയിലേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്.കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും 2 കെയര്‍ ടേക്കര്‍മാരെ അനുവദിക്കുകയും ചെയ്തു. തുടര്‍ന്നും പരിചരണം ഉറപ്പാക്കും. ഇനി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

ഈ മാസം ഒമ്പതാം തീയതിയാണ് കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ചികിത്സ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണം നല്‍കി. രക്തസ്രാവം നിയന്ത്രിക്കാനായുള്ള മരുന്ന് നല്‍കി. ഫിറ്റ്‌സും നീര്‍ക്കെട്ടും ഉണ്ടാകാതെയിരിക്കാനായി അതീവ ജാഗ്രത പുലര്‍ത്തി. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.

ന്യൂറോ സര്‍ജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. ബിജു ഭദ്രന്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ അമ്പിളി, തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe