മറയൂർ: വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് ജീപ്പ് ഡ്രൈവർമാരും വിനോദ സഞ്ചാരികളും ഏറ്റുമുട്ടി. സംഭവത്തിൽ ജീപ്പ് ഡ്രൈവർമാരും വിനോദസഞ്ചാരികളുമടക്കം 21 പേർക്ക് പരിക്കേറ്റു. രണ്ട് ജീപ്പ് ഡ്രൈവർമാരുടെ പരിക്ക് ഗുരുതരമാണ്.
മറയൂർ സ്വദേശികളും ജീപ്പ് ഡ്രൈവർമാരുമായ മുത്തുരാജ്(32), സന്തോഷ് (27), അജയ് (22),രാഹുൽ(28), ഗോവിന്ദരാജ്(32), കാർത്തിക് (22) എന്നിവർക്കും തിരുനെൽവേലി കല്ലടക്കോട്ടൈ സ്വദേശികളായ 15 പേർക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഒരു മണിയോടെ പയസ് നഗർ ആനക്കോട്ട വളവിലാണ്സംഭവം. ജീപ്പ് ഡ്രൈവർമാർക്ക് സൈഡ് കൊടുത്തില്ല എന്നാരോപിച്ചാണ് സംഘർഷം ആരംഭിച്ചത്.
ഇതേ ചൊല്ലിആരംഭിച്ച വാക്ക് തർക്കത്തിനിടെ പയസ് നഗറിൽ വച്ച് രണ്ട് ജീപ്പുകളുടെ ചില്ലുകൾ വിനോദസഞ്ചാരികൾ തകർക്കുകയും ആക്രമിക്കുകയും ചെയ്തതായി ജീപ്പ് ഡ്രൈവർമാർ പറയുന്നു. തുടർന്ന് ബസ് ആണക്കോട്ട വളവിൽ എത്തിയപ്പോൾ പിന്തുടർന്നെത്തിയ ജീപ്പ് ഡ്രൈവർമാരും വിനോദസഞ്ചാരികളും പരസ്പരം ഏറ്റുമുട്ടി. ഇതിനിടെ ബസിന്റെ ചില്ലുകൾ തകർത്തു.
ഇതിനിടയിലാണ് ജീപ്പ് ഡ്രൈവർമാരായ മുത്തു കുമാറിനും സന്തോഷിനും ഗുരുതര പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനെൽവേലി, കല്ലിടെക്കുറിച്ചി എന്നിവിടങ്ങളിൽ നിന്നുള്ള കോളജ് വിദ്യാർഥികളും അഭിഭാഷകരും ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. സംഘർഷത്തിൽ ബസിന്റെ കണ്ണാടിച്ചില്ലുകളും സൈഡ് ഭാഗങ്ങളും മുൻഭാഗവും പിൻഭാഗവും പൂർണമായും തകർത്തു. ബസിൽ 45 വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു.
സംഘർഷം രൂക്ഷമായതോടെ ജീപ്പ് ഡ്രൈവർമാരും വിനോദസഞ്ചാരികളും ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് മറയൂരിൽ നിന്നും പൊലീസ് സംഘമെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. ഇരുകൂട്ടർക്കുമെതിരേ കേസെടുത്തിട്ടുണ്ട്. മറയൂർ എസ്.എച്ച്.ഒ എം.ഷാജഹാൻ, എസ്.ഐ മാഹിൻ സലീം എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് എത്തിയത്. സംഘർഷത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
