‘മറ്റ് ആനകള്‍ക്കൊപ്പം പങ്കെടുപ്പിക്കരുത്’; തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ കര്‍ശന വ്യവസ്ഥകള്‍

news image
Feb 28, 2023, 1:17 pm GMT+0000 payyolionline.in

പാലക്കാട്: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ വ്യവസ്ഥകള്‍ക്ക് വിധേയമായി എഴുന്നള്ളിക്കാൻ അനുമതി. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍  ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ജില്ലയില്‍ ഉത്സവാഘോഷങ്ങളില്‍ ഒറ്റയ്ക്ക് എഴുന്നള്ളിക്കാനുള്ള അനുമതിയാണ്  ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി നല്‍കിയിട്ടുള്ളത്. മറ്റ് ആനകള്‍ക്കൊപ്പമോ കൂട്ടമായുള്ള എഴുന്നള്ളത്തിലോ തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിക്കരുത്.

എഴുന്നള്ളത്ത് ആരംഭിച്ച് അവസാനിക്കുന്നത് വരെയുള്ള ആനയുടെ വീഡിയോ ചിത്രീകരിച്ച് വനം വകുപ്പിന് കൈമാറണം. ജില്ലയില്‍ നടക്കാനിരിക്കുന്ന വിവിധ പൂരങ്ങളില്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിക്കാനുളള അനുമതി ചോദിച്ചുളള അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അടിയന്തിരമായി എ ഡി എം കെ മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേരുകയായിരുന്നു.

കഴിഞ്ഞ ദിവസം പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിരണ്ടോടിയ സംഭവത്തിൽ ക്ഷേത്ര ഭരണ സമിതി വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. തെറ്റായ വാർത്തയാണ് പ്രചരിക്കുന്നത്. മറ്റൊരു ആന ഇടഞ്ഞപ്പോൾ ആളുകൾ പേടിച്ചോടുകയായിരുന്നു. ആനയുടെ മുന്നിൽ ഉണ്ടായിരുന്ന ഒന്നാം പാപ്പാൻ ആളുകൾ ചിതറി ഓടുന്നതിനിടയിൽ വീണതാണ്. ആളുകളുടെ ചവിട്ടേറ്റ പാപ്പാൻ രാമന് നിസാര പരിക്കുകളെയുള്ളൂ. കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം പാപ്പാൻ രാമനെ വിട്ടയച്ചു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനയെ ഇകഴ്ത്തി കാണിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുകുകയാണെന്നും അതിന്റെ ഭാഗമാണ് വാർത്തയെന്നും ക്ഷേത്രം ഭരണ സമിതി ആരോപിച്ചു. പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞ് ഏറെ നേരം പരിഭ്രാന്തി പരത്തിയെന്നായിരുന്നു വാർത്ത പുറത്ത് വന്നത്. വീഡിയോയും പ്രചരിച്ചിരുന്നു.  എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമായിരുന്നു സംഭവം. ഉടൻ തന്നെ എലിഫന്‍റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe