മലയാളത്തിന് തീരാനഷ്ടം; പ്രൊഫ. എം കെ സാനു അന്തരിച്ചു

news image
Aug 2, 2025, 12:45 pm GMT+0000 payyolionline.in

കൊച്ചി : മലയാളത്തിന്റെ സ്നേഹഭാജനം സാനുമാഷ് വിടവാങ്ങി . പ്രശസ്ത എഴുത്തുകാരനും പ്ര​ഗൽഭ അധ്യാപകനും പ്രഭാഷകനും മുൻ എംഎൽഎയുമായിരുന്ന പ്രൊഫ. എംകെ സാനു അന്തരിച്ചു . 98വയസായിരുന്നു.

ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീനിലകളിലും വ്യക്തമു​ദ്രപതിപ്പിച്ചയാളായിരുന്നു സാനുമാഷ്. മുപ്പത്തിയാറിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് . ഇന്റർനാഷണൽ ബോഡി ഫോർ ഹ്യൂമൻ റൈറ്റ്‌സിലെ സ്ഥിരം അംഗമായിരുന്നു അദ്ദേഹം.

1987-ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1991-ൽ കൊല്ലത്തെ കുങ്കുമം വാരികയിൽ ചീഫ് എഡിറ്ററായും ജോലിചെയ്തിട്ടുണ്ട്. 1997 ൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ ശ്രീ നാരായണ ചെയറിൽ സാനുമാഷ് നിയമിക്കപ്പെട്ടു.

കേരളത്തിലെ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ സ്ഥിതി ചെയ്യുന്ന മാനസിക വൈകല്യമുള്ളവർക്കായുള്ള ഒരു സ്‌കൂളായ മിത്രത്തിന്റെ സ്ഥാപക അംഗവുമാണ് . വയലാർ രാമവർമ്മ സാഹിത്യ അവാർഡിന്റെ അവാർഡ് സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു അദ്ദേഹം. 1926 ഒക്ടോബർ 27ന് പഴയ തിരുവിതാംകൂർ രാജ്യത്തിലെ തുമ്പോളിയിലാണ് സാനുമാഷ് ജനിച്ചത്. 1955 ലും 1956 ലും സാനു ശ്രീ നാരായണ കോളേജിലും മഹാരാജാസ് കോളേജിലും ലക്ചററായിരുന്നു. 1983 ൽ പ്രൊഫസറായാണ് മാഷ് വിരമിച്ചത്. 1984 ൽ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രസിഡന്റായും 1985 ൽ കേരള സർവകലാശാലയിലെ ശ്രീ നാരായണ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2011- ൽ, അദ്ദേഹം പത്മപ്രഭ സാഹിത്യ അവാർഡ് നേടി. 2011 –ൽ “ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ” ജീവചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe