മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയായ വിബ്രിയോ വള്‍നിഫിക്കസ് അണുബാധമൂലം മുംബൈയിൽ മത്സ്യത്തൊഴിലാളിയുടെ ഇടത് കാൽപ്പാദത്തിന്റെ ഒരു ഭാഗം നഷ്ടമായി. 20 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. ജൂൺ 26-ന് ആണ് മത്സ്യത്തൊഴിലാളിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടത് കാലിൽ ആയിരുന്നു ഗുരുതരമായ മുറിവുണ്ടായിരുന്നത്. അണുബാധ ശരീരം മുഴുവൻ പടരുകയാണെന്നും രക്തസമ്മർദ്ദം കുറവാണെന്നും മനസ്സിലാക്കിയതായും ഡോക്ടർ പറഞ്ഞു.
വർളി തീരത്ത് പതിവ് മത്സ്യബന്ധനത്തിന് പോയപ്പോൾ കാൽപ്പാദത്തിലേറ്റ നിസ്സാരമായ പരിക്കിനെ തുടർന്നാണ് അദ്ദേഹത്തിന് അണുബാധയുണ്ടായതെന്ന് പിന്നീട് ഡോക്ടർമാർ മനസ്സിലാക്കി. തുടർന്ന്, ആവശ്യമായ പരിശോധനകൾക്ക് ശേഷം കൃത്യമായ ചികിത്സ നൽകുകയായിരുന്നു.
കൃത്യസമയത്ത് രോഗാണുവിനെ തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ശരീരത്തിലുടനീളം വിബ്രിയോ വൾനിഫിക്കസ് വ്യാപിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇവിടെ രോഗാണുവിനെ തിരിച്ചറിഞ്ഞെങ്കിലും അപ്പോഴേക്കും അണുബാധ രക്തത്തിലും ശ്വാസകോശത്തിലും പടർന്നിരുന്നു. ഇതോടെ, ഏഴ് ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചിരുന്നു.
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നറിയപ്പെടുന്ന ബാക്ടീരിയയാണ് വിബ്രിയോ വള്‍നിഫിക്കസ്. ചൂടുള്ള കടല്‍വെളളത്തിലാണ് ഈ ബാക്ടീരിയ കാണപ്പെടുന്നത്. മാരകമായ അണുബാധയ്ക്ക് കാരണമാകുന്ന ഒരുതരം ബാക്ടീരിയയാണ് ഇത്.
തീരപ്രദേശത്ത് കാണുന്ന ബാക്ടീരിയയാണ് ഇത്. വേവിക്കാത്ത കക്കയിറച്ചി കഴിക്കുന്നതിലൂടെയോ കടല്‍വെള്ളം മുറിവില്‍ പ്രവേശിക്കുന്നതിലൂടെയോ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കും. കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ അതേ കുടുംബത്തിൽപ്പെട്ടതാണ് വിബ്രിയോ വൾനിഫിക്കസ്. മലിനമായ ഉപ്പുവെള്ളത്തിലിറങ്ങുമ്പോൾ തൊലിയിലെ മുറിവുകളിലൂടെ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്.
ഇന്ത്യയിൽ, നേരത്തെയും ഈ അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനി, രക്ത സമ്മര്‍ദ്ദം കുറയുക, വേദനയോടുകൂടിയ കുമിളകള്‍ ശരീരത്തില്‍ ഉണ്ടാവുക എന്നിവയെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ചികിത്സിച്ചില്ലെങ്കില്‍ വിബ്രിയോ വള്‍നിഫിക്കസ് അണുബാധ മാരകമായേക്കാം. ബാക്ടീരിയയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് ശേഷം 24 മണിക്കൂറിനുള്ളില്‍ വിബ്രിയോ വള്‍നിഫിക്കസ് അണുബാധയുടെ ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു.
ലക്ഷണങ്ങള്‍
പനി, തണുപ്പ്,ചര്‍മ്മത്തിലെ ചുവപ്പ്, പെട്ടെന്ന് വീര്‍ക്കുകയും വേദനാജനകമാവുകയും ചെയ്യുന്ന തടിപ്പുകള്‍, ചര്‍മ്മത്തില്‍ ദ്രാവകം നിറഞ്ഞ കുമിളകള്‍, ഓക്കാനം, ഛര്‍ദ്ദി, അതിസാരം, തലകറക്കം, ബോധക്ഷയം അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം കുറയുന്ന ലക്ഷണങ്ങള്‍, ആശയക്കുഴപ്പം അല്ലെങ്കില്‍ മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, വേഗത്തിലുള്ള ഹൃദയമിടിപ്പ് ഇവയൊക്കെ ലക്ഷണങ്ങളാണ്. അപൂര്‍വ്വമായി കാണപ്പെടുന്ന ഒരുതരം അണുബാധയാണ് വിബ്രിയോ വള്‍നിഫിക്കസ്. യുഎസില്‍ എല്ലാവര്‍ഷവും ഏകദേശം 100 മുതല്‍ 200 വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.