മാടി വിളിച്ച് മാടായി പാറ; കാക്ക പൂവിന്റെ ഇന്ദ്രനീലിമ; കണ്ണൂരിലേയ്‌ക്ക് ഒരു യാത്ര പോകാം

news image
Aug 1, 2025, 4:46 pm GMT+0000 payyolionline.in

കൊടും മഴയ്‌ക്ക് ശേഷം മാനം തെളിഞ്ഞതോടെ ഓണകാലത്തെ വരവേൽക്കുകയാണ് മാടായി പാറ. കാക്ക പൂക്കൾ വിരിഞ്ഞതോടെ നീല പട്ടുടുത്ത് സുന്ദരിയായി നിൽക്കുന്ന മാടായി പാറയെ കാണാൻ കാഴ്ചക്കാർ ഏറെയാണ്. വിനോദ സഞ്ചാരികളെ മാസ്മരിക ലോകത്തിലേക്ക് കൂട്ടി കൊണ്ടു പോകുന്ന ജൈവ വൈവിദ്യങ്ങളുടെ കലവറയാണ് കണ്ണൂരിലെ മാടായി പാറ.

ഓണക്കാലമെത്തിയാൽ മാടായി പാറയിൽ കാക്ക പൂവിന്റെ ഇന്ദ്ര നീലിമ പടരും. പ്രജകളെ കാണാൻ വരുന്ന മാവേലി തമ്പുരാനെ വരവേൽക്കാൻ തുമ്പയ്‌ക്ക് കൂട്ടു നിൽക്കുകയാണ് കാക്ക പൂക്കൾ. വിവിധ തരത്തിലുള്ള സസ്യങ്ങളും പക്ഷികളും ചിത്രശലഭങ്ങളും നിറഞ്ഞ മാടായി പാറയെ കണ്ണൂരിലെ അത്ഭുതമെന്നും വിശേഷിപ്പിക്കാറുണ്ട്. വ്യത്യസ്ത തരത്തിലുള്ള 30-ൽ അധികം പുല്ലുകൾ ഇവിടെ വളരുന്നു.
തേൻ നുകരാനെത്തുന്ന ചിത്രശലഭങ്ങളും വണ്ടുകളും തേനീച്ചകളും കണ്ണിന് അനുഭൂതി നൽകുന്ന മറ്റൊരു കാഴ്ചയാണ്. ഋതുഭേതങ്ങൾക്കനുസരിച്ച് നാല് പൂക്കാലങ്ങളാണ് ഇവിടെയുള്ളത്. മാർച്ച്, ഏപ്രിൽ മാസങ്ങൾ മാടായി പാറ സ്വർണ വിഭൂഷിതയായിട്ടാണെങ്കിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പാറ നീല പട്ടുടുക്കും.

കഴിഞ്ഞ വർഷങ്ങളിൽ വിനോദ സഞ്ചാരികൾക്ക് നിരാശ നേരിടേണ്ടി വന്നുവെങ്കിലും ഈ വർഷം പുത്തൻ ഉണർവേകി കൊണ്ടാണ് മാടായി പാറ കാണികളെ വരവേൽക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യവും ഗ്രാമ കാഴ്ചകളും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരെ മാടി വിളിക്കുകയാണ് കാക്ക പൂക്കളുടെ സ്വന്തം മാടായി പാറ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe