കൊയിലാണ്ടി: മാനസിക വൈകല്യമുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ജീവിതാവസാനം വരെ കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കൊയിലാണ്ടി സ്വദേശിയായ പ്രതിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. നൗഷാദലി ശിക്ഷിച്ചത്.
2024-ലാണ് സംഭവം നടന്നത്. മകളോടുള്ള പിതാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് മാതാവിന്റെ സഹോദരിയോടാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. തുടർന്നാണ് വിവരം പുറത്തറിയുന്നതും പൊലീസിൽ പരാതി നൽകുന്നതും.
പ്രതി തന്റെ ശേഷിക്കുന്ന കാലം മുഴുവൻ ജയിലിൽ കഴിയണമെന്ന കർശനമായ വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. കൂടാതെ, ഇരയായ കുട്ടിക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി വഴി ആവശ്യമായ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ മെൽബിൻ ജോസ്, സബ് ഇൻസ്പെക്ടർ ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.
