ഇത്തവണ ബോക്സ് ഓഫീസിൽ തീപാറും. ജെയിംസ് കാമറൂൺ ചിത്രം അവതാറിന്റെ മൂന്നാം ഭാഗം ബോക്സ് ഓഫീസിൽ തരംഗമാകുമെന്ന് ഉറപ്പ്. അവതാർ : ഫയർ ആൻഡ് ആഷ്’ എന്ന മൂന്നാം ഭാഗത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു അഗ്നി പർവതത്തിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലുളള ഗോത്ര വിഭാഗക്കാരെയാണ് ഇത്തവണ കാമറൂൺ പരിചയപ്പെടുത്തുന്നത്. പയാക്കാൻ എന്ന തിമിംഗലവും ഈ ചിത്രത്തിലുണ്ട്. ആദ്യ രണ്ട് ഭാഗങ്ങൾ പോലെ ഒരു ദൃശ്യവിസ്മയം തന്നെയാകും ഈ മൂന്നാം ഭാഗവും എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം പുതിയ ചിലരും ഈ മൂന്നാം ഭാഗത്തിലുണ്ട്. ഗംഭീര വിഷ്വൽ ക്വാളിറ്റി സിനിമ ഉറപ്പുനൽകുന്നുണ്ട്.
2D, 3D ഐമാക്സ് സ്ക്രീനുകളിലായാണ് പ്രദർശനം. ജെയിംസ് കാമറൂൺ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സാം വർത്തിംഗ്ടൺ, സോ സാൽഡാന, സിഗോർണി വീവർ, സ്റ്റീഫൻ ലാങ്, ജിയോവന്നി റിബിസി, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ട്വന്റീത്ത് സെഞ്ചറി സ്റ്റുഡിയോസ് വിതരണം ചെയ്യുന്ന സിനിമ ഈ വർഷം ഡിസംബർ 19ന് തിയറ്ററുകളിലെത്തും.