മാളുകളിൽ ആറ് റംബുട്ടാൻ പഴങ്ങൾക്ക് 100 രൂപ; കർഷകൻ വിറ്റാൽ കിലോയ്ക്ക് 50 രൂപ മാത്രം

news image
Jul 30, 2025, 1:29 pm GMT+0000 payyolionline.in

റാന്നി ∙ റംബുട്ടാൻ കർഷകർ പ്രതിസന്ധിയിൽ. വിളവെത്തിയ റംബുട്ടാന് ന്യായമായ വില കിട്ടുന്നില്ല. തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ ഉയർന്ന വിലയ്ക്കു റംബുട്ടാൻ വിൽക്കുമ്പോഴാണ് കർഷകർക്കു തുച്ഛമായ വില നൽകി റംബുട്ടാൻ വാങ്ങുന്നത്. നാട്ടിൻപുറങ്ങളില്ലെല്ലാം റംബുട്ടാൻ വിളവെത്തി നിൽക്കുകയാണ്. മുൻ കാലങ്ങളിൽ വിളവെത്തും മുൻപു തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റും കച്ചവടക്കാരെത്തി മൊത്തവിലയിട്ടു വാങ്ങിയിരുന്നു. എന്നാൽ ഇത്തവണ പരിമിതമായ മേഖലകളിൽ മാത്രമാണു കച്ചവടക്കാരെത്തിയത്. ഇത്തരത്തിൽ വിലയുറപ്പിച്ചിരുന്ന മരങ്ങൾക്കു മുകളിൽ വലയിട്ടു സംരക്ഷിച്ചിരുന്നു. ഇപ്പോൾ കച്ചവടക്കാരെത്തി വിളവെടുപ്പും ആരംഭിച്ചിട്ടുണ്ട്.

മൊത്ത വിലയ്ക്കു വിൽപന നടത്താൻ കഴിയാതിരുന്ന കർഷകരാണ് ഇപ്പോൾ ദുരിതത്തിലായത്. കിലോയ്ക്ക് 50 രൂപ മാത്രമാണു ലഭിക്കുന്നത്. ഉതിമൂട് ഡിപ്പോപടിയിലെ കർഷകനായ ദിലീപ് ഇന്നലെ 80 കിലോ റംബുട്ടാൻ വിറ്റപ്പോൾ 60 കിലോയുടെ വിലയാണു ലഭിച്ചത്. തിരികിടയുണ്ടെന്നു പറഞ്ഞ് 20 കിലോയുടെ വില കുറച്ചു. ഇതു തമിഴ്നാട്ടിലെത്തിച്ച് കൂടിയ വിലയ്ക്കു വിൽപന നടത്തുകയാണ്. സംസ്ഥാനത്തെ മാളുകളിലും അഞ്ചും ആറും പഴങ്ങൾക്ക് 100 രൂപ വരെ നൽകണം. പ്ലാസ്റ്റിക് ഡെപ്പിയിലാക്കിയാണു വിൽപന.

മുൻപ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കച്ചവടക്കാർ ഒറ്റയ്ക്കാണു വിലയിട്ടിരുന്നത്. എന്നാൽ ഇപ്പോൾ സംഘം ചേർന്നിരിക്കുന്നു. സൊസൈറ്റി പോലെ രൂപീകരിച്ചിരിക്കുകയാണ് അവർ. കർഷകരുടെ ഇടയിലെത്തി വില ഇടിച്ചു വാങ്ങുകയാണ്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കൃഷി വകുപ്പ് ന്യായമായ വില നൽകി റംബുട്ടാൻ ഏറ്റെടുത്തു വിൽ‌പന നടത്തണം. എന്നാൽ മാത്രമേ വില കുറച്ചു വാങ്ങുന്ന കച്ചവടക്കാരുടെ കുത്തക തകർത്ത്  കർഷകർക്കു ന്യായമായ വില ലഭിക്കൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe