വളയം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ കനത്ത സുരക്ഷ. മാവോവാദി ഭീഷണി നിലനിൽക്കുന്ന വളയം സ്റ്റേഷൻ പരിധിയിൽപ്പെട്ട വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് സെയ്‌ന്റ്‌ജോർജ് എച്ച്.എസ്.എസിലെ രണ്ട് ബൂത്തുകൾ, ചിറ്റാരി വെൽഫെയർ എൽ.പി. സ്കൂളിലെ ഒരു ബൂത്ത്, ചെക്യാട്പഞ്ചായത്തിലെ നാലാം വാർഡിലെ കണ്ടിവാതുക്കൽ സ്ഥിതിചെയ്യുന്ന വളയം വെൽഫെയർ സ്കൂളിലെ ഒരു ബൂത്ത്, കാലിക്കൊളുമ്പിൽ അങ്കണവാടിയിലെ ഒരു ബൂത്ത് എന്നിവിടങ്ങളിൽ സുരക്ഷക്കായി പോലീസിലെ സായുധ വിഭാഗമായ തണ്ടർബോൾട്ടിനെയാണ് നിയോഗിച്ചിട്ടുള്ളത്.മറ്റ് ബൂത്തുകളിൽ എം.എസ്.പി. ഉൾപ്പടെയുള്ള പോലീസിന്റെ മറ്റ് വിഭാഗങ്ങളുമുണ്ട്. ഓരോ വാർഡിലെയും ബൂത്ത് പരിസരത്ത് അതത് ബൂത്തിൽ വോട്ടുള്ളവർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്ന് പോലീസ് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മറ്റ് ബൂത്തുകളിലുള്ളവരെ കണ്ടാൽ നടപടിയുണ്ടാകും. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. വളയം പോലീസ് ഇൻസ്പെക്ടർ എ.പി.അനിൽകുമാറിന്റെ നേതൃത്വത്തിൽ മൂന്ന് പഞ്ചായത്തുകളിലും പോലീസ് പട്രോളിങ് സംഘത്തെ നിയോഗിച്ച് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
