പേരാമ്പ്ര: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മലയോര മേഖലയിലെ ഒട്ടേറെ പോളിങ് ബൂത്തുകൾ പോലീസിന്റെ മാവോവാദി ഭീഷണി സാധ്യതാപട്ടികയിൽ. കൂടുതൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാനാണിത്. ഇവിടങ്ങളിൽ തോക്കുധാരികൾ ഉൾപ്പെടെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരും പ്രത്യേക പട്രോളിങ്ങുമുണ്ടാകും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും സമാനമായ മുൻകരുതൽ സ്വീകരിച്ചിരുന്നു. മുൻകാലങ്ങളിൽ മാവോവാദിസാന്നിധ്യം ഉണ്ടായ മേഖലകൾ ഉൾപ്പെടെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പെരുവണ്ണാമൂഴി, കക്കയം മേഖലയിലായി ഏഴ് പോളിങ് സ്റ്റേഷനുകളാണ് ഈ വിഭാഗത്തിലുള്ളത്. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ പരിധിയിൽ ചക്കിട്ടപാറ പഞ്ചായത്തിലുള്ള പൂഴിത്തോട് ഐസിയുപി സ്കൂൾ, മുതുകാട് കളക്ടീവ് ഫാം ജി.എൽപി സ്കൂൾ, ചെങ്കോട്ടക്കൊല്ലി ഇഎംഎസ് സ്മാരക സാംസ്കാരികനിലയം, ചെങ്കോട്ടക്കൊല്ലി (24-ാം നമ്പർ) അങ്കണവാടി, മുതുകാട് ഇ.കെ. നായനാർ സ്മാരക വിമെൻസ് കോംപ്ലക്‌സ്, മുതുകാട്ടിലെ പേരാമ്പ്ര സർക്കാർ ഐടിഐ എന്നിവിടങ്ങളിലെ ആറ്് ബൂത്തുകളാണ് മാവോവാദി ഭീഷണിയുളള പട്ടികയിൽ ഉൾപ്പെട്ടത്. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ കക്കയത്ത് കെഎച്ച്ഇപി ഗവ. എൽ.പി സ്കൂളിലെ ഒരു ബൂത്താണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. മുൻകാലത്ത് ഒരു തിരഞ്ഞെടുപ്പ് കാലത്തുൾപ്പെടെ ഒട്ടേറെത്തവണ മുതുകാട് മാവോവാദികളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നരിപ്പറ്റ പഞ്ചായത്തിലെ ഗവ. എൽപി സ്കൂൾ കുമ്പളച്ചോല, സ്റ്റെല്ല മേരീസ് മൗണ്ട് വാലി സ്കൂൾ എന്നീ പോളിങ് സ്റ്റേഷനുകളിലായി നാല് ബൂത്തുകളും ഇതേ വിഭാഗത്തിൽപ്പെടുത്തിയിട്ടുണ്ട്. വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് സെയ്‌ന്റ്‌ജോർജ് എച്ച്എസിലെ രണ്ട് ബൂത്തുകൾ ചിറ്റാരി വെൽഫെയർ എൽപി സ്കൂളിലെ ഒരു ബൂത്ത്, ചെക്യാട് പഞ്ചായത്തിലെ നാലാംവാർഡിലെ കണ്ടിവാതുക്കൽ സ്ഥിതിചെയ്യുന്ന വളയം വെൽഫെയർ സ്കൂളിലെ ഒരു ബൂത്ത്, കാലിക്കൊളുമ്പിൽ അങ്കണവാടിയിലെ ഒരു ബൂത്ത് എന്നിവയും മാവോവാദി ഭീഷണി സാധ്യതാപട്ടികയിലുണ്ട്.
പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പന്നിക്കോട്ടൂർ ഗവ. നഴ്‌സറി സ്കൂൾ, ആവടുക്ക എൽപി സ്കൂൾ, പേരാമ്പ്ര വെസ്റ്റ് യുപി സ്കൂൾ എന്നിവിടങ്ങളിലെ അഞ്ചുബൂത്തുകൾ പ്രശ്നസാധ്യത (സെൻസിറ്റീവ്) പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൂരാച്ചുണ്ട്, കായണ്ണ, കോട്ടൂർ പഞ്ചായത്തുകളിലായി ഒൻപത് ബൂത്തുകൾ സെൻസിറ്റീവാണ്.
