മാസപ്പടി വിവാദം: ഹരജിയിൽ അമിക്കസ്ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

news image
Nov 1, 2023, 3:08 pm GMT+0000 payyolionline.in

കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഹരജിയിൽ കോടതിയെ സഹായിക്കാൻ ഹൈക്കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചു. കൊച്ചിൻ മിനറൽസ്​ ആൻഡ് റൂട്ടൈൽസ് കമ്പനി (സി.എം.ആർ.എൽ) ഇല്ലാത്ത സേവനത്തിന് മാസപ്പടി നൽകിയെന്ന കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പുനഃപരിശോധന ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

കേസ് പരിഗണനയിലിരിക്കെ ഹരജിക്കാരൻ മരണപ്പെട്ടിരുന്നു. കേസുമായി മുന്നോട്ടുപോകുന്നില്ലെന്ന് ഗിരീഷ് ബാബുവിന്‍റെ ബന്ധുക്കൾ കോടതിയെ അറിയിച്ചെങ്കിലും പുനഃപരിശോധന ഹരജിയായതിനാൽ വാദം തുടരാൻ ജസ്റ്റിസ് കെ. ബാബു തീരുമാനിക്കുകയായിരുന്നു. അഡ്വ. അഖിൽ വിജയിയെ ആണ് അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്​.

മുഖ്യമന്ത്രി, മകൾ വീണ, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹീംകുഞ്ഞ് എന്നിവർ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയെന്ന ആരോപണമാണ് ഹരജിയിൽ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക്​ അടക്കം സി.എം.ആർ.എൽ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്‍റ് ബോർഡിന്‍റെ ക​െണ്ടത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഹരജി. വിജിലൻസ് അന്വേഷണ ആവശ്യം നിലനിൽക്കുമോ ഇല്ലയോ എന്നാണ് അമിക്കസ് ക്യൂറി കോടതിയിൽ അറിയിക്കേണ്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe