മാഹി: പുതുച്ചേരി സംസ്ഥാനത്ത് കഴിഞ്ഞ19 വർഷങ്ങളായി നടക്കാത്ത തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആറ് മാസത്തിനകം നടത്തേണ്ട അവസ്ഥയോരുക്കുമെന്ന് ടി. അശോക് കുമാർ അറിയിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ ഉടൻ നിയമിക്കണമെന്നും ഇത് സംബന്ധിച്ച് ചെന്നൈ ഹൈകോടതിയിലും സുപ്രീംകോടതിയിലും പൊതു താൽപര്യ ഹരജിയിൽ കേസ് നടത്തിയ അദ്ദേഹം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന് ശേഷം മൂന്ന് തെരഞ്ഞെടുപ്പുകൾ മാത്രമാണ് പുതുച്ചേരിയിൽ നടന്നത്. അതുതന്നെ താൻ മദ്രാസ് ഹൈകോടതിയിൽ നൽകിയ ഹരജിയെത്തുടർന്നാണ്.
മണ്ഡല പുനർനിർണയം നടത്തി ഉടൻ തെരഞ്ഞെടുപ്പ് നടത്താൻ 2018ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 2021ൽ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയാറായെങ്കിലും ഭരണകക്ഷി അംഗങ്ങൾ ഒന്നടങ്കം തെരഞ്ഞെടുപ്പ് നടത്താൻ പാടില്ലെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പുതുച്ചേരിയിൽ ഇപ്പോൾ ഇലക്ഷൻ കമീഷണർ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഇത് സംബന്ധിച്ച് ചെന്നൈ ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. സി.പി.എം ഒഴികെയുള്ള പാർട്ടികളെല്ലാം തെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകീയ കൗൺസിലിന്റെ അഭാവത്തിൽ മാഹി നഗരസഭക്ക് 300 കോടി രൂപയുടെ കേന്ദ്ര ഫണ്ട് നഷ്ടമായതായും അദ്ദേഹം പറഞ്ഞു. വി. ജനാർദനൻ, കെ.പി. നൗഷാദ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
