രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിൽ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്. നിർണ്ണായകമായ വെളിപ്പെടുത്തലുകളുമായിട്ടാണ് മൂന്നാം പരാതിക്കാരി രംഗത്ത് വന്നിരിക്കുന്നത്. അതിജീവിതയുടെ ശബ്ദസന്ദേശം പുറത്തുവന്നതോടെ കേസിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടായിരിക്കുകയാണ്. ഫെനി നൈനാൻ പുറത്തുവിട്ട ചാറ്റുകൾ തന്നെ അധിക്ഷേപിക്കാനും ഇനിയും പരാതിക്കാർ വരുന്നത് തടയാനുമുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് അതിജീവിത ആരോപിക്കുന്നു.
2024 മേയ് മാസത്തിൽ തനിക്ക് നേരിട്ട മിസ്കാരേജ് രാഹുൽ നൽകിയ അങ്ങേ അറ്റം സ്ട്രെസിന്റെയും ട്രോമയുടെയും ഫലമായിരുന്നുവെന്ന് അതിജീവിത വെളിപ്പെടുത്തുന്നു. കുഞ്ഞിനെയും ജോലിയും നഷ്ടപ്പെട്ട് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്താണ് താൻ മാനസികമായും ശാരീരികമായും തകർന്നതെന്ന് അവർ പറയുന്നു. തന്റെ കുഞ്ഞിന്റെ അച്ഛൻ എന്ന നിലയിലുള്ള ഒരു ‘ട്രോമ ബോണ്ട്’ ആ സമയത്ത് രാഹുലിനോട് ഉണ്ടായിരുന്നുവെന്നും അവർ ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഫെനി നൈനാൻ തന്നെ മാനിപ്പുലേറ്റ് ചെയ്തതായി അതിജീവിത ആരോപിക്കുന്നു. ചൂരൽമല ഫണ്ടിംഗുമായി ബന്ധപ്പെട്ട കൂപ്പൺ ചലഞ്ചിലൂടെയാണ് ഫെനിയെ പരിചയപ്പെടുന്നത്. രാഹുലിന് കോടികളുടെ ബാധ്യതയുണ്ടെന്ന് ഫെനി വിശ്വസിപ്പിച്ചിരുന്നതായും, ഒരിക്കൽ സമരത്തിനിടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോലും പണമില്ലെന്ന് പറഞ്ഞ് തന്നിൽ നിന്ന് പണം വാങ്ങിയതായും അതിജീവിത പറയുന്നു. ഫെനിയോട് കാര്യങ്ങൾ തുറന്നു പറഞ്ഞതറിഞ്ഞ രാഹുൽ തന്നെ വീണ്ടും അധിക്ഷേപിച്ചതായും അവർ വെളിപ്പെടുത്തുന്നു.
കാര്യങ്ങളിൽ ഒരു വ്യക്തത (ക്ലോഷർ) വരുത്തുന്നതിനായി രാഹുലിനെ കാണാൻ പാലക്കാട് എത്തിയെങ്കിലും അതിന് അനുവദിച്ചില്ലെന്ന് പരാതിക്കാരി പറയുന്നു. രാഹുലിന്റെ സ്റ്റാഫ് തങ്ങളെ ദിവസം മുഴുവൻ പലയിടങ്ങളിലായി ഓടിച്ചു. താൻ ആവശ്യപ്പെട്ടത് ശാരീരിക ബന്ധത്തിനല്ല, മറിച്ച് കാര്യങ്ങൾ സംസാരിക്കാനുള്ള സമയം മാത്രമായിരുന്നുവെന്നും അവർ വ്യക്തമാക്കി. “പരാതി നേരത്തെ നൽകിയിരുന്നെങ്കിൽ മറ്റ് രണ്ട് പെൺകുട്ടികൾക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു” എന്നും അതിജീവിത ശബ്ദസന്ദേശത്തിൽ ഖേദിക്കുന്നു.
ഇത്തരം വ്യക്തിഹത്യകൾ കണ്ടു താൻ ഭയപ്പെടില്ലെന്നും ഫെനിയോട് സ്നേഹത്തോടെ തന്നെ പറയാം എന്ന് പറഞ്ഞാണ് അതിജീവിതയുടെ സന്ദേശം അവസാനിക്കുന്നത്. പുറത്തുവന്ന ചാറ്റുകൾ തലയും വാലുമില്ലാത്തതാണെന്നും നടന്ന സംഭാഷണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.
