മുക്കം എസ്.ഐ.യുടെ വീട്ടിലെ മോഷണം: രണ്ടാമത്തെ പ്രതിയും പിടിയിൽ

news image
May 12, 2026, 4:59 am GMT+0000 payyolionline.in

മുക്കം: മുക്കം എസ്.ഐ. വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് പുത്തലം സ്വദേശി തുമ്പയിൽ വീട്ടിൽ ഷാമിലി (18) നെയാണ് മുക്കം പോലീസ് പുത്തലത്ത് വെച്ച് പിടികൂടിയത്. കേസിൽ അരീക്കോട് പുത്തൻ പീടിക സ്വദേശി മിയാസ് ബാബു നേരത്തേ പിടിയിലായിരുന്നു.

​കഴിഞ്ഞ മാസം 24-നായിരുന്നു കേസിനാസ്പദമായ സംഭവം. മുത്തേരി കാപ്പുമല വളവിന് സമീപം എസ്.ഐ. ശ്രീരാഗ് വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ പിന്നിലെ വാതിൽ കുത്തിപ്പൊളിച്ചാണ് മൂന്നംഗ സംഘം അകത്തുകയറിയത്. മോഷണസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. എസ്.ഐ.യുടെ മുറിയിൽ നിന്ന് 8500 രൂപയും പവർ ബാങ്കും ട്രിമ്മറും സംഘം കവർന്നിരുന്നു. നേരത്തെ പിടിയിലായ മിഹാസ് ബാബുവിനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

​തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ എസ്.ഐ. കെ. ശ്രീരാഗ്, എസ്.സി.പി.ഒ. കെ.എം. അനീസ്, സി.പി.ഒ. അഭിനവ് എന്നിവരടങ്ങുന്ന സംഘമാണ് ഷാമിലിനെ പിടികൂടിയത്. പ്രതിയെ മുക്കം പെരുമ്പടപ്പിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ റിമാൻഡ് ചെയ്യും. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe