മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള മുഖാമുഖം നാളെ കോഴിക്കോട് നടക്കും. മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ജൂബിലി ഹാളിൽ ചേരുന്ന പരിപാടിയിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1500 യുവതി – യുവാക്കൾ പങ്കെടുക്കും. മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായാണ് വിവിധ വിഭാഗത്തിലുള്ളവരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം.
9 വർഷമായി LDF സർക്കാർ നടപ്പാക്കിവരുന്ന വികസനക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതിനും പുതിയ കേരളം എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന്റെയും ഭാഗമായാണ് മുഖ്യമന്ത്രി യുവജനങ്ങളുമായി മുഖാമുഖം സംഘടിപ്പിക്കുന്നത്. നാടിൻറെ മുന്നോട്ടുള്ള പ്രയാണത്തിൽ യുവജനതയുടെ പങ്ക് ചർച്ച ചെയ്യുകയും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുഖ്യമന്ത്രി കേൾക്കുകയും ചെയ്യും. ശനിയാഴ്ച രാവിലെ 9 മണി മുതൽ കോഴിക്കോട് തളിയ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിലാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം 14 ജില്ലകളിൽ നിന്നുമായി 37 മേഖലകളെ പ്രതിനിധീകരിക്കുന്ന 1500 ഓളം പ്രതിഭകളാണ് പ്രതിനിധികളായി പങ്കെടുക്കുകയെന്ന് കോഡിനേറ്ററായ യൂത്ത് കമ്മീഷൻ അംഗം പി സി ഷൈജു പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, കോഴിക്കോട്, തിരുവനന്തപുരം മേയർമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, കലാകായിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രതിഭകൾ എന്നിവർ പങ്കെടുക്കും.