പെരുവണ്ണാമുഴി: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ചെങ്കോട്ടക്കൊല്ലിയിൽ ഓട്ടോ ഡ്രൈവർക്ക് നേരെ സദാചാരഗുണ്ടാ ആക്രമണം. മുതുകാട് അങ്ങാടിയിലെ ഓട്ടോ ഡ്രൈവറായ വണ്ണാറത്ത് രാജീവനാണ് (50) മർദനമേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം നടന്നത്.
മുതുകാടുനിന്ന് ചെങ്കോട്ടക്കൊല്ലി ഭാഗത്തേക്ക് ഓട്ടോയിൽ യാത്രക്കാരെയുമായി പോയതായിരുന്നു രാജീവൻ. ഓട്ടോ വിളിച്ച സ്ത്രീയെ അവരുടെ വീട്ടിലിറക്കി തിരികെ വരുന്നതിനിടെയാണ് സംഭവം. യാത്രാമധ്യേ ഓട്ടോയുടെ ലൈറ്റ് കത്താതിരുന്നതിനെ തുടർന്ന് വണ്ടി നിർത്തി പരിശോധിക്കുന്നതിനിടയിൽ പ്രദേശത്തുകാരായ രണ്ടുപേർ എത്തി ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് അൽപ്പദൂരം മുന്നോട്ട് പോയപ്പോൾ ഓട്ടോ വീണ്ടും തകരാറിലായി നിൽക്കുന്ന സമയത്ത് അശ്വിൻ, വിഷ്ണു എന്നിവർ പിന്നാലെയെത്തി ക്രൂരമായി മർദിക്കുകയായിരുന്നു. രാജീവന്റെ തല സമീപത്തെ തൂണിലിടിപ്പിച്ചതായും പരാതിയിലുണ്ട്.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ഒച്ചവെച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ രാജീവനെ വിവരമറിഞ്ഞെത്തിയ മറ്റ് ഓട്ടോ ഡ്രൈവർമാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്കോട്ടക്കൊല്ലി സ്വദേശികളായ രണ്ടുപേരെ പെരുവണ്ണാമൂഴി പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഡ്രൈവർക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ പ്രതിഷേധിച്ച് മുതുകാട് അങ്ങാടിയിൽ ഉച്ചവരെ ഓട്ടോ ഡ്രൈവർമാർ പണിമുടക്കുകയും സംയുക്ത ഓട്ടോ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
