കാസർകോട്: പോക്സോ കേസിൽ അറസ്റ്റിലായി 60 ദിവസം ജയിൽവാസം അനുഭവിച്ച അധ്യാപകനെ മൂന്ന് വർഷത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കി. പരവനടുക്കം മോഡൽ റെസിഡൻഷ്യൽ ഗേൾസ് സ്കൂളിലെ മുൻ പ്രധാനാധ്യാപകനും തെക്കിൻ സ്വദേശിയുമായ ഗണേശനെയാണ് ഹോസ്ദുർഗ് പോക്സോ കോടതി വെറുതെവിട്ടത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി രൂക്ഷമായ വിമർശനവും ഉന്നയിച്ചു.
കൃത്യമായ അന്വേഷണം നടത്താതെയാണ് പൊലീസ് കേസെടുത്തതെന്ന് കോടതി നിരീക്ഷിച്ചു. സ്കൂളിലെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അഴിമതികൾക്കെതിരെ ഗണേശൻ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യം തീർക്കാൻ കുട്ടികളെ ഉപയോഗിച്ച് കെട്ടിച്ചമച്ച വ്യാജ കേസായിരുന്നു ഇതെന്നാണ് ഗണേശന്റെ വാദം. മൂന്ന് കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത ഈ കേസിൽ ഗണേശന് രണ്ട് മാസം ജയിലിൽ കഴിയേണ്ടി വന്നിരുന്നു.
വിധിക്ക് പിന്നാലെ വൈകാരികമായാണ് ഗണേശൻ പ്രതികരിച്ചത്. വ്യാജ ആരോപണത്തെത്തുടർന്ന് സമൂഹത്തിൽ വലിയ രീതിയിൽ ഒറ്റപ്പെട്ടുപോയെന്നും മാനഹാനി സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
