പത്തനംതിട്ട: മൈലപ്രയിൽ കടയിൽ കൊലചെയ്യപ്പെട്ട വ്യാപാരി പുതുവൽ സ്റ്റോഴ്സ് ഉടമ ജോർജ് ഉണ്ണൂണ്ണിയുടെ (73) കഴുത്തിൽനിന്ന് പ്രതികൾ പൊട്ടിച്ചെടുത്ത സ്വർണമാല കണ്ടെത്തി. പത്തനംതിട്ട നഗരത്തിലെ ആഭരണ ശാലയിൽനിന്ന് 57 ഗ്രാം സ്വർണം ഞായറാഴ്ചയാണ് കണ്ടെടുത്തത്.
പ്രതി പത്തനംതിട്ട വലഞ്ചുഴി ജമീല മൻസിലിൽ നിയാസുമായി നടത്തിയ തെളിവെടുപ്പിലാണ് സ്വർണം കണ്ടെടുത്തത്. ഇയാളുടെ വീട്ടിൽനിന്ന് 2.33ലക്ഷം രൂപയും ലഭിച്ചു. ഒരുലക്ഷത്തോളം രൂപ പ്രതികൾ വീതിച്ചെടുത്തു.തെളിവെടുപ്പിനായി നിയാസിനെയും തമിഴ്നാട്ടുകാരായ മുരുകൻ, സുബ്രഹ്മണ്യൻ എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തെളിവെടുപ്പിന് ശേഷം ഞായറാഴ്ച വൈകീട്ട് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു പ്രതി തെങ്കാശ്ശി മുത്തുകുമാർ (ഡോൺ) ഒളിവിലാണ്.മൈലപ്ര പുതുവേലിൽ സ്വദേശി ജോർജ് ഉണ്ണൂണ്ണിയെ (73) ഡിസംബർ 30നാണ് കൊലപ്പെടുത്തിയത്. പ്രതികളെ തമിഴ്നാട് തെങ്കാശ്ശി അയ്യാപുരത്തുനിന്നും മറ്റ് രണ്ടുപേരെ പത്തനംതിട്ടയിൽനിന്നുമാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.