കോഴിക്കോട്: വനം ഭരണവിഭാഗം മേധാവിക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കോടതിയലക്ഷ്യത്തിന് നോട്ടിസ് നൽകിയതിനു പിന്നാലെ, നിർബന്ധിത വകുപ്പുതല പരീക്ഷകൾ ജയിക്കാത്ത 1476 ജീവനക്കാർക്കു സംരക്ഷണം ഒരുക്കിക്കൊണ്ട് വനം വകുപ്പ് ഉത്തരവിറക്കി. ‘പൊതുതാൽപര്യം’ മുൻനിർത്തി, ഇത്രയും ജീവനക്കാരിൽ 1404 പേരെ പരീക്ഷകൾ ജയിക്കണമെന്ന ഉപാധിയിൽനിന്ന് ഒഴിവാക്കുന്നു എന്നു വ്യക്തമാക്കുന്ന ഉത്തരവ് വനം വകുപ്പിൽ കടുത്ത പ്രതിഷേധത്തിനാണ് വഴിവച്ചത്. നിയമക്കുരുക്ക് ഉറപ്പായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു തടഞ്ഞുവച്ചിരുന്ന നിർദേശമാണ് ഇന്നലെ ഉച്ചയോടെ ഉത്തരവായിറങ്ങിയത്. ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽനിന്ന് സെക്‌ഷൻ ഫോറസ്റ്ററാവുന്നവർ മൂന്നു വകുപ്പുതല പരീക്ഷകളും പരിശീലനവും പൂർത്തിയാക്കിയരിക്കണമെന്ന് കെഎടി ഉത്തരവുണ്ടായിരുന്നു. ഇത് ഹൈക്കോടതിയും അംഗീകരിച്ചു. എന്നിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കെഎടി വനം ഭരണവിഭാഗം മേധാവിക്ക് കോടതിയലക്ഷ്യ നോട്ടിസ് നൽകിയത് കഴിഞ്ഞ 29നാണ്. ഇതിനു തൊട്ടു പിന്നാലെയാണ് ഉത്തരവ്.
സ്പെഷൽ റൂൾ നടപ്പാക്കിയ 2010 മുതൽ കെഎടി ഉത്തരവു വരുന്ന 2023 വരെ 1476 പേർ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായി പ്രമോഷൻ നേടിയിട്ടുണ്ടെന്നും ഇതിൽ 72 പേർ മാത്രമാണ് ‘പരീക്ഷാ നിബന്ധന’ പാസായിട്ടുള്ളതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.ഇതിൽ തന്നെ പലരും ഡപ്യൂട്ടി റേഞ്ചറും റേഞ്ചറുമായി ഗസറ്റഡ് തസ്തികയിൽ വരെ എത്തിയിട്ടുണ്ട്. പരീക്ഷകൾ ജയിക്കാത്തത് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയല്ലെന്നു വിലയിരുത്തിയാണ് സർക്കാരിൽ നിക്ഷിപ്തമായ പ്രത്യേക അധികാരം ഉപയോഗിച്ചു പരീക്ഷകൾ പാസാവണമെന്ന വ്യവസ്ഥ ഇളവു ചെയ്തിരിക്കുന്നത്.
അതേസമയം, സർക്കാർ ഉത്തതരവിനെതിരെ വ്യാപക പ്രതിഷേധമാണ് വനം വകുപ്പിൽ ഉയരുന്നത്. അനധികൃതമായി പ്രമോഷൻ നേടി തസ്തികയിൽ തുടരുന്നവർക്കു വേണ്ടി ഇതുവരെ സർക്കാർ 350 കോടി അധികമായി ചെലവഴിച്ചിട്ടുണ്ടെന്നും പൊതു പണം ധൂർത്തടിക്കുന്നത് അവസാനിപ്പിക്കുന്നതല്ലേ യഥാർഥ ‘പൊതുതാൽപര്യം’ എന്നും ജീവനക്കാർ ചോദിക്കുന്നുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ കോടതിയലക്ഷ്യ ഹർജിക്ക് മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്ന വനം വകുപ്പ് തിരക്കിട്ട് ഉത്തരവ് ഇറക്കിയത് ‘വ്യക്തിതാൽപര്യം’ സംരക്ഷിക്കാൻ വേണ്ടി മാത്രമാണെന്നും ജീവനക്കാർ ആരോപിക്കുന്നുണ്ട്.