രമയുടെ മേല്‍ കുതിര കയറേണ്ട; യുഡിഎഫ് ചേര്‍ത്ത് പിടിക്കും: സതീശന്‍

news image
Mar 18, 2023, 8:32 am GMT+0000 payyolionline.in

തിരുവനന്തപുരം∙ കെ.കെ രമ എംഎല്‍എയെ സിപിഎം തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രമയുടെ മേല്‍ കുതിര കയറേണ്ടെന്നും രമയെ യുഡിഎഫ് ചേര്‍ത്ത് പിടിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. സഭയില്‍ താന്‍ സംസാരിക്കുമ്പോള്‍ ബഹളമുണ്ടാക്കാന്‍ 10 എംഎല്‍എമാരെയാണ് സിപിഎം. ചുമതലപ്പെടുത്തിയതെന്നും സതീശന്‍ ആരോപിച്ചു. അതേസമയം, കൊച്ചി കോര്‍പറേഷന് ഹരിത ട്രൈബ്യൂണല്‍ 100 കോടി പിഴയീടാക്കിയത് ഉത്തരവാദികളില്‍ നിന്ന് ഈടാക്കണമെന്നും നികുതിപ്പണത്തില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിയമസഭയിലുണ്ടായ സംഘർഷത്തിനിടെ കൈയിൽപരുക്കേറ്റ കെ.കെ.രമയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സച്ചിന്‍ദേവ് എംഎല്‍എയും രംഗത്തെത്തിയിരുന്നു. രമയുടെ കൈയ്ക്ക് പൊട്ടലില്ലെന്ന വിവരം പുറത്തുവന്നല്ലോ. പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

അതേസമയം, പൊട്ടലില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പാണെന്ന് രമ പറഞ്ഞു. പരുക്കില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ ഡോക്ടർക്ക് എതിരെ നടപടി വേണമെന്നും എം.വി.ഗോവിന്ദന് രമ മറുപടി നൽകി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. അതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും രമ വ്യക്തമാക്കി.

സച്ചിൻദേവ് എംഎൽഎ സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമർശങ്ങൾക്കെതിരെ സൈബര്‍ സെല്ലിനും സ്പീക്കർക്കും കെ.കെ.രമ പരാതി നൽകി. നിയമസഭയിലെ സംഘർഷത്തിനിടെ രമയ്ക്കുണ്ടായ പരുക്ക് വ്യാജമാണെന്നായിരുന്നു സച്ചിൻദേവ് എംഎൽഎയുടെ പോസ്റ്റ്. സച്ചിൻദേവ് സമൂഹ മാധ്യമം വഴി അപമാനം ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇട്ടതായി പരാതിയിൽ പറയുന്നു.  വിവിധ സമയങ്ങളിലുള്ള ഫോട്ടോകൾ ചേർത്ത് തെറ്റായ വിവരങ്ങൾ കാണിച്ച് പ്രചാരണം നടത്തി. പോസ്റ്റ് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe