രാജ്യവ്യാപകമായി പണിമുടക്ക്; പ്രധാന ന​ഗരങ്ങളിൽ ജനത്തിരക്ക്, കടകമ്പോളങ്ങളും മാർക്കറ്റും തുറന്നുതന്നെ, സർക്കാർ ഉദ്യോ​ഗസ്ഥരും സജീവം

news image
Feb 12, 2026, 10:33 am GMT+0000 payyolionline.in

ദില്ലി: കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ ബാധിക്കപ്പെടാതെ മഹാനഗരങ്ങൾ. ദില്ലിയിലും മുംബൈയിലും ബെംഗളൂരുവിലും ചെന്നൈയിലും ജനജീവിതം സാധാരണ പോലെയാണ് ഇന്നും. വാഹനഗതാഗതം തടസപ്പെടുകയോ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയോ ചെയ്തില്ല. ഓഫീസുകളും സാധാരണ രീതിയിൽ തന്നെ പ്രവർത്തിച്ചു.

 

ദേശീയ പണിമുടക്കിലും പതിവുപോലെ ആൾത്തിരക്കിലമരുകയാണ് ന​ഗരങ്ങളിലെ നിരത്തുകൾ. വാഹന ബാഹുല്യത്തിൽ ശ്വാസം മുട്ടിയാണ് പ്രധാന ജംഗ്ഷനുകൾ ഇന്നും തുടരുന്നത്. ദേശീയ പണിമുടക്കുകളോടും ഹർത്താലുകളോടും മുഖം തിരിക്കുന്ന പതിവിന് ഇക്കുറിയും ബെംഗളൂരുവിലും ഇതര ജില്ലകളിലും മാറ്റമുണ്ടായില്ല. കടകമ്പോളങ്ങളെല്ലാം തുറന്നു പ്രവർത്തിച്ചു. മാർക്കറ്റുകളിലും ജനത്തിരക്ക് അനുഭവപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകളും സമരത്തിന് ആഹ്വാനം ചെയ്തവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെങ്കിലും ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചില്ല. ബാങ്കിംഗ്- ഇൻഷുറൻസ് മേഖലകളും സാധാരണ പോലെ പ്രവർത്തിച്ചു. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളും സാധാരണ പോലെ സർവീസ് നടത്തി. കേരളത്തിലേക്കുള്ള ട്രാൻസ്പോർട്ട് ബസുകൾ കെഎസ്ആർടിസിയും പതിവുപോലെ ഓടിച്ചു. വിവിധ സംഘടനകൾ ഫ്രീഡം പാർക്കിലും ടൗൺഹാളിന് മുന്നിലും പ്രകടനം നടത്തി എന്നതൊഴിച്ചാൽ സാധാരണ ദിവസം തന്നെയായിരുന്നു ബെംഗളൂരുവിന് ഇന്നും.

തമിഴ്നാട്ടിനെയും ദേശീയ പണിമുടക്ക് ബാധിച്ചില്ല. ചെന്നൈ മൗണ്ട് റോഡിൽ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ബസുകൾ തടഞ്ഞ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡിഎംകെയും പൊതുപണിമുടക്കിന് പിന്തുണ അറിയിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ചെന്നൈയിൽ വ്യവസായ വകുപ്പ് കോൺക്ലേവ് അടക്കമുള്ള പരിപാടികളിൽ പങ്കെടുത്തു. കോയമ്പത്തൂരിൽ നിന്ന് കേരളത്തിലേക്ക് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയില്ല. തമിഴ്നാട് ബസുകൾ കേരള അതിർത്തി വരെ സർവീസ് നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe