രാത്രി വരെ മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു; മലപ്പുറം തുവ്വൂരിലെ സുജിതയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വിവരിച്ച് പ്രതികള്‍

news image
Aug 26, 2023, 3:06 am GMT+0000 payyolionline.in

മലപ്പുറം: തുവ്വൂരിലെ സുജിതയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പ്രതികൾക്ക് നേരെ നാട്ടുകാരുടെ മർദന ശ്രമവുമുണ്ടായി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.കൃഷി ഭവൻ ജീവനക്കാരി സുജിതയെ അതിക്രൂരമായി കൊന്ന പ്രതികളുമായി പൊലീസ് രാവിലെ 9.15നാണ് എത്തിയത്. കൊലപാതകം നടന്ന തുവ്വൂരിലെ വീട്ടിലേക്കാണ് ഇവരെ ആദ്യം കൊണ്ടുവന്നത്. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന മുഖ്യപ്രതി വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് ഷിഹാൻ എന്നിവരെയാണ് വീട്ടിലെത്തിച്ചത്. സുജിതയെ എങ്ങനെയാണ് കൊന്നതെന്നും തെളിവ് നശിപ്പിക്കാൻ എന്തെല്ലാം ചെയ്തെന്നും പ്രതികള്‍ പൊലീസിനോട് വിവരിച്ചു.

വിഷ്ണുവിന്റെ മുറിയിൽ വച്ച് പകൽ സുജിതയുടെ കഴുത്തിൽ കയർ മുറുക്കി കൊന്നു. രാത്രി വരെ മൃതദേഹം കട്ടിലിന് അടിയിൽ സൂക്ഷിച്ചു. പിന്നീട്, പട്ടിക്കൂടിന് സമീപത്തെ മാലിന്യ കുഴി വലുതാക്കി മൃതദേഹം അതിലിട്ട് മണ്ണിട്ട് മൂടി. കല്ലുകൾ നിരത്തിയാണ് കുഴി മറച്ചുവെച്ചത്. മൃതദേഹം സൂക്ഷിച്ച പായയും മൺവെട്ടിയും ഉൾപ്പെടെയുള്ള വസ്തുക്കൾ സമീപത്ത് നിന്ന് പോലീസ് കണ്ടെത്തി.

തെളിവെടുപ്പിനിടെ പ്രതികളെ മർദ്ദിക്കാൻ ഒരുവിഭാഗം ആളുകൾ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. സുജിതയുടെ മൊബൈൽ ഫോൺ കുളത്തിൽ ഉപേക്ഷിച്ചെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ഇത് കണ്ടെത്തേണ്ടതുണ്ട്. സുജിതയുടെ സ്വർണം വിറ്റ കടയിലും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഈ മാസം 11നാണ് സുജിതയെ വിഷ്ണുവും സഹോദരങ്ങളും സുഹൃത്തും ചേർന്ന് കൊന്നത്. സാമ്പത്തിക പ്രശ്നങ്ങൾ മാത്രമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കരുതുന്നില്ല. മറ്റെന്തൊക്കെ കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് അന്വേഷിക്കുന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe