ന്യൂഡൽഹി: ടിക്കറ്റ് ബുക്കിങ് രംഗത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐ.ആർ.സി.ടി.സി)യുടെ കുത്തക തകർക്കാനൊരുങ്ങി ഗൗതം അദാനി. റെയിൽവേ ടിക്കറ്റ് ബുക്കിങ് രംഗത്തേക്ക് കൂടി അദാനി ചുവടുവെക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ട്രെയിൻമാന്റെ 100 ശതമാനം ഓഹരികളും അദാനി വാങ്ങാനൊരുങ്ങുകയാണ്.
ട്രെയിൻമാൻ വെബ്സെറ്റിന് പിന്നിലുള്ള സ്റ്റാർക്ക് എൻറർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും വാങ്ങാനൊരുങ്ങുന്ന വിവരം ഓഹരി വിപണികളെ അദാനി അറിയിച്ചിട്ടുണ്ട്. അദാനി എന്റർപ്രൈസിന്റെ ഉടമസ്ഥതയിലുള്ള അദാനി ഡിജിറ്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡാണ് ഓഹരി വാങ്ങാൻ ഒരുങ്ങുന്നത്. ഇതിനായി സ്റ്റാർക്ക് എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡുമായി അദാനിയുടെ കമ്പനി കരാറൊപ്പിട്ടു.
നേരത്തെ ഹിൻഡൻബർഗുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതിന് ശേഷം ആദ്യമായാണ് ഗൗതം അദാനി ഇത്രയും വലിയൊരു ഇടപാടിന് ഒരുങ്ങുന്നത്. ഹിൻഡൻബർഗ് വിവാദത്തെ തുടർന്ന് അദാനി എന്റർപ്രൈസിന്റെ ഓഹരി വില ഫെബ്രുവരി അവസാനത്തിൽ 1195 രൂപയായി കുറഞ്ഞിരുന്നു. നിലവിൽ 2000 രൂപക്ക് മുകളിലാണ് കമ്പനി ഓഹരികൾ വ്യാപാരം നടത്തുന്നത്.