റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ കേരള പൊലീസ് എഐ സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നു

news image
Jan 28, 2026, 9:48 am GMT+0000 payyolionline.in

സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കേരള പൊലീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യത പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നു. റോഡ് അപകടങ്ങളുടെ തീവ്രത പ്രവചിക്കുന്നതിനും അപകട ഹോട്ട്സ്പോട്ടുകള്‍ തിരിച്ചറിയുന്നതിനുമായി സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എഐയില്‍ പ്രവര്‍ത്തിക്കുന്ന റോഡ് അപകട വിശകലന, പ്രവചന സ്യൂട്ട് ആരംഭിക്കും. ഇതോടെ സംസ്ഥാനത്തുടനീളമുള്ള അപകട ഹോട്ട്‌സ്‌പോട്ടുകളുടെ മാപ്പ് തയ്യാറാക്കാന്‍ പൊലീസിന് കഴിയും.

ഇത് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. വര്‍ഷാവസാനത്തോടെ ഇത് അന്തിമമാക്കാനാണ് പദ്ധതി. 2018 മുതലുള്ള ഡാറ്റ ശേഖരിച്ചിട്ടുണ്ടെന്നും ആ ഡാറ്റയില്‍ എഐ മോഡലുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു പ്രക്രിയയ്ക്ക് സമാന്തരമായി, സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുമുള്ള ഡാറ്റ പ്രത്യേകമായി പരിശോധിച്ച് അപകട ഡാറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നടപടികളും ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ആരംഭിച്ചിട്ടുണ്ട്.

ഡാറ്റയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി ടീം പരിശ്രമിക്കുകയാണ്. സമയം, സ്ഥലം, റോഡ്, കാലാവസ്ഥ, ഗതാഗത സാന്ദ്രത, ചരിത്രപരമായ ഡാറ്റ തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി അപകടങ്ങളുടെ തീവ്രത മാരകവും ഗുരുതരവുമായിരിക്കുമോ എന്നും അതോ ചെറുതായിരിക്കുമോ എന്നും പ്രവചിക്കാന്‍ സിസ്റ്റത്തിന് കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.

സ്‌പേഷ്യല്‍ ക്ലസ്റ്ററിങ്ങും ദൂരാധിഷ്ഠിത അല്‍ഗോരിതങ്ങളും ഉപയോഗിച്ച് ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകള്‍ തിരിച്ചറിയുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇത് തീരുമാനമെടുക്കുന്നവര്‍ക്ക് അപകട ലഘൂകരണ പദ്ധതികള്‍ ആവിഷ്‌കരിക്കാനും അപകടങ്ങള്‍ തടയുന്നതിനായി അത്തരം മേഖലകളില്‍ മെച്ചപ്പെട്ട പട്രോളിംഗ് പോലുള്ള നടപടികള്‍ ആരംഭിക്കാനും സഹായിക്കും. മറ്റൊരു വശം അപകട പ്രവചനമാണ്.

ഏത് തരത്തിലുള്ള വാഹനങ്ങളാണ് ഓടുന്നത്, കൂട്ടിയിടി രീതികള്‍, വേഗത, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി റോഡ് അപകടങ്ങളുടെ സാധ്യത പ്രവചിക്കാന്‍ കഴിയും. ചരിത്രപരമായ പ്രവണതകള്‍ അടക്കം ഉപയോഗിച്ച് സംസ്ഥാന, ജില്ലാ അല്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ തലങ്ങളില്‍ പ്രതിമാസ അടിസ്ഥാനത്തില്‍ അപകട പ്രവചനം നല്‍കാനും സംവിധാനത്തിന് കഴിയും. ഉദാഹരണത്തിന്, മഴക്കാലത്ത് റോഡ് അപകടങ്ങള്‍ വര്‍ധിക്കാറുണ്ട്. ഇത് സിസ്റ്റം ഉപയോഗിച്ച് തിരിച്ചറിയാനും ഫലപ്രദമായ പ്രതിരോധ നടപടികള്‍ തയ്യാറാക്കാനും കഴിയും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe