ലക്ഷങ്ങൾ വാങ്ങിയശേഷം കരാറുകാരൻ മുങ്ങി’; കോഴിക്കോട് മെഡിക്കൽ കോളേജിലെ മലിനജല സംസ്കരണ പ്ലാൻ്റ് നടത്തിപ്പിൽ ഗുരുതര വീഴ്ചയെന്ന് പരാതി

news image
Feb 1, 2026, 5:36 am GMT+0000 payyolionline.in

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മലിനജല സംസ്കരണ പ്ലാൻ്റ് നടത്തിപ്പിൽ ഗുരുതര വീഴ്ചയെന്ന് പരാതി. പ്ലാൻ്റ് നടത്തിപ്പ് ഏറ്റെടുത്ത കമ്പനി ലക്ഷങ്ങൾ വാങ്ങിയശേഷം പദ്ധതി ഉപേക്ഷിച്ചു. ഇതോടെ കോർപ്പറേഷന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ പ്ലാൻ്റിൻ്റെ പ്രവർത്തനത്തിൽ അനിശ്ചിതത്വമില്ലെന്നും, പുതിയ കരാറുകാരെ കണ്ടെത്തി പ്രവർത്തനം മുന്നോട്ടു പോകുമെന്നും ഡെപ്യൂട്ടി മേയർ ഡോക്ടർ ജയശ്രീ പറഞ്ഞു.

 

കോർപ്പറേഷൻ്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് 30 വർഷത്തേക്ക് നിർമിച്ച മലിനജല സംസ്കരണ പ്ലാൻ്റാണിത്. പ്ലാൻ്റിൻ്റെ നടത്തിപ്പും അറ്റകുറ്റ പണിയും ഏറ്റെടുത്ത കമ്പനി രണ്ട് വർഷമായപ്പോഴേക്കും കരാർ ഉപേക്ഷിച്ച് പോയതാണ് പ്രതിസന്ധിക്ക് കാരണമായത്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ കൗൺസിലിലെ അംഗങ്ങൾ അറിയാതെ 37 ലക്ഷം രൂപ അറ്റകുറ്റപ്പണിക്കായും, 850 ഇലക്ട്രോഡുകൾ വാങ്ങാനായും കോർപ്പറേഷൻ കരാറുകാരൻ നൽകിയിരുന്നു. എന്നാൽ 294 ഇലക്ട്രോഡുകൾ മാത്രമാണ് കരാറുകാരൻ പ്ലാൻ്റിൽ എത്തിച്ചിട്ടുള്ളുഈ വിഷയത്തിൽ സബ് കളക്ടർ ഇടപെട്ട് കരാറുകാരന് നോട്ടീസ് അയച്ചിരുന്നു. ജനുവരി 25 നുള്ളിൽ പരിഹാരം കാണണമെന്നും അങ്ങിനെയല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും സബ്-കളക്‌ടർ കരാറുകാരനെ അറിയിച്ചിട്ടുണ്ട്. നിലവിൽ സൈറ്റിൽ എത്തിയിട്ടുള്ള 294 ഇലക്ട്രോഡുകൾ സ്ഥാപിക്കുന്നതിനായി 6 റിയാക്‌ടറുകൾ ക്ലീൻ ചെയ്യേണ്ടതുണ്ടെങ്കിലും, കരാറുകാരൻ 3 റിയാക്ട‌റുകൾ മാത്രമാണ് ക്ലീൻ ചെയ്‌ത്‌ തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ പുതിയ കരാറുകാരെ കണ്ടെത്തി കോർപ്പറേഷൻ്റെ മേൽനോട്ടത്തിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുമെന്നാണ് ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീ പറയുന്നത്.നിലവിൽ ഈ പദ്ധതിയുടെ നടത്തിപ്പിനായി ഏകദേശം 19 കോടിയിലധികം രൂപ (19.1 കോടി രൂപ) ചെലവഴിച്ചിട്ടുണ്ട്. സാധാരണയായി എസ്‌ടിപി പദ്ധതികൾ കുറഞ്ഞത് 30 വർഷം പ്രവർത്തിക്കാവുന്ന രീതിയിലാണ് ഡിസൈൻ ചെയ്യപ്പെടുന്നത്. എന്നാൽ, തൃപ്‌തികരമായ രീതിയിൽ പ്ലാൻ്റ് മെയിൻ്റനൻസ് നടത്താത്ത പക്ഷം, പ്ലാൻ്റ് നശിക്കുമെന്നാണ് വിലയിരുത്തൽ.

.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe