തിരുവനന്തപുരം: മയക്കുമരുന്നിനെ തുരത്താൻ പുതിയ കർമപദ്ധതിയുമായി ആഭ്യന്തര വകുപ്പ്. ‘ഓപ്പറേഷൻ തുഫാൻ-ദ നാർക്കോ ഹണ്ട്’ എന്ന പേരിൽ ജൂൺ ഒന്ന് മുതൽ കർമപദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
വിശദമായ പ്രൊജക്റ്റ് തയ്യാറാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കെമിക്കൽ ലഹരി, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിപണി അവസാനിപ്പിക്കുമെന്നും സ്കൂളിന്റെ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകളിലും സമൂല മാറ്റം കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് സ്റ്റേഷനുകളിൽ കൃത്യമായി പരാതികൾ കേൾക്കുമെന്നും പ്രധാന കാര്യങ്ങൾ ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ഡിസ്പോസ് ചെയ്യുമെന്നും സ്റ്റേഷനുകളിൽ വരുന്നവരെ കുറ്റവാളികളായി കാണില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പരാതിക്കാരെ പൂർണമായും കേൾക്കുമെന്നും പൊലീസ് സ്റ്റേഷനുകൾ ജനസേവാ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. സ്റ്റേഷൻ ചുമതല എസ്ഐമാർക്ക് നൽകുന്നതിൽ പഠനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്ക് പഠനച്ചുമതല നൽകും. റിപ്പോർട്ട് ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
