ലോട്ടറിയെടുത്തിട്ടും സമ്മാനം കിട്ടിയില്ല; ബത്തേരിയിൽ കടയുടമയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

news image
Sep 27, 2026, 12:42 pm GMT+0000 payyolionline.in

സുൽത്താൻബത്തേരി: പതിവായി ലോട്ടറിയെടുത്തിട്ടും സമ്മാനം ലഭിച്ചില്ലെന്ന വിരോധത്തിൽ ലോട്ടറി കടയുടമയായ യുവതിക്ക് നേരെ ആക്രമണം. നമ്പ്യാർകുന്ന് പൂങ്കാവനം ലോട്ടറി കടയുടമ വിനീത രജീഷിനാണ് (32) കുത്തേറ്റത്. സംഭവത്തിൽ തമിഴ്‌നാട് പാട്ടവയൽ പഞ്ചോറ സ്വദേശിയായ ശിവകുമാറിനെ (44) തമിഴ്‌നാട് പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി നൂൽപ്പുഴ പോലീസിന് കൈമാറി.

കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമമായ നമ്പ്യാർകുന്നിൽ ​ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. കടയിൽ വിനീത ഒറ്റയ്ക്കുള്ള സമയം നോക്കിയെത്തിയ പ്രതി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കയ്യിൽ കരുതീയ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും പരിക്കേറ്റ വിനീതയെ ചീരാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റതിനാൽ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

തമിഴ്‌നാട്ടിൽ ലോട്ടറി നിരോധിച്ചതിനാൽ അതിർത്തി ഗ്രാമമായ നമ്പ്യാർകുന്നിലെ ലോട്ടറിക്കടകളിൽ ദിവസേന നൂറുകണക്കിന് ആളുകളാണ് ടിക്കറ്റെടുക്കാൻ എത്തുന്നത്. പിടിയിലായ ശിവകുമാറിനെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നൂൽപ്പുഴ പോലീസ് അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe