ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപ്പന; കായംകുളത്ത് യുവാവ് അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ

news image
May 23, 2024, 6:52 am GMT+0000 payyolionline.in

ആലപ്പുഴ: കായംകുളത്ത് 4 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപ്പന നടത്തിയ മൂന്ന് പേരിൽ ഒരാളെയാണ് ആലപ്പുഴ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം സ്വദേശി അൻഷാസ് ഖാൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 100 ഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റു രണ്ടുപ്രതികൾ ഒളിവിലാണ്.

സർക്കിൾ ഇൻസ്‌പെക്ടർ മഹേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ്  കായംകുളത്തെ ലോഡ്ജിൽ കഞ്ചാവ് സൂക്ഷിച്ചതായി അറിഞ്ഞത്. തുടർന്ന് എക്സൈസ് സംഘം ലോഡ്ജ് മുറി റെയ്ഡ് ചെയ്യുകയും 4 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ കൂട്ടാളികളെക്കുറിച്ചും എക്സൈസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൃഷ്ണപുരം സ്വദേശികളായ ലാലു, ബിനീഷ് എന്നിവരെ കേസിൽ പ്രതികളാക്കിയതായി എക്സൈസ് അറിയിച്ചു.

ബിനീഷിൻ്റെ കഞ്ചാവ് വിൽപ്പനയെക്കുറിച്ച് എൻഫോഴ്സ്മെൻ് ഏജൻസികൾക്ക് നേരത്തെ അറിവ് കിട്ടിയിരുന്നതിൽ ഇയാൾ തന്ത്രപരമായാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. രണ്ടാം പ്രതി ലാലുവിൻ്റെ പേരിൽ ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് ശേഖരിച്ച് വച്ചശേഷം ഇടപാടുകാരോട് അൻഷാസിൻ്റെ ഗൂഗിൾ പേ നമ്പറിൽ കാശ് ഇടാൻ ആവശ്യപ്പെടുകയം പണം കിട്ടിക്കഴിഞ്ഞാൽ ലാലുവിനെ കൊണ്ട് കഞ്ചാവ് വിതരണം ചെയ്യുന്നതുമായിരുന്നു ഇയാളുടെ രീതി. അൻഷാസ് എക്സൈസ് പിടിയിലായതറിഞ്ഞു ലാലുവും, ബിനീഷും ഒളിവിൽ പോയി. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ എഇഐ ഗോപകുമാർ, പിഒ റെനി, സിഇഒ റഹീം, ദിലീഷ്, ഡബ്ല്യുസിഇഒ ജീന എന്നിവരും ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe