വടകര എംഡിഎംഎ കേസ്; ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാ സംഘത്തലവന് അറസ്റ്റിലായ അധ്യാപികമാരുമായി നേരിട്ട് ബന്ധം

news image
Jul 31, 2026, 5:51 am GMT+0000 payyolionline.in

അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ നിർണായക വിവരങ്ങൾ കണ്ടെത്തി എസ്‌ഐടി. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാ സംഘത്തലവന് കേസിലെ പ്രതികളുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇയാൾ വയനാട് സ്വദേശിയാണ്. വയനാട് സ്വദേശി വിവിധ കേസുകളിൽ പങ്കാളി എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാളെ പ്രതികൂടാൻ അന്വേഷണ സംഘം വലവിരിച്ചുകഴിഞ്ഞു. പ്രതികളായ അധ്യാപികമാർക്ക് എംഡിഎംഎ മാഫിയാ തലവനുമായി നേരിട്ട് ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തി.

അതേസമയം, കേസിൽ വിദ്യാഭ്യാസ വകുപ്പ് ഉന്നതതല അന്വേഷം പ്രഖ്യാപിച്ചു. നാലംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. എസ്എസ്‌കെ സ്റ്റേറ്റ് അഡീഷണൽ പ്രൊജക്ട് ഡയറക്ടറാണ് അന്വേഷണ തലവൻ. പേരാമ്പ്ര ബിആർസിയിലും സമീപ ബിആർസികളിലും സമിതി അന്വേഷണം നടത്തും. അടിയന്തരമായി റിപ്പോർട്ട് നൽകാനും സമിതിക്ക് നിർദേശമുണ്ട്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ട് വഴി പണം സ്വീകരിക്കുന്ന രീതിയാണ് കേസിൽ പരീക്ഷിച്ചിരുന്നത്. ഒരു അക്കൗണ്ടിലേക്ക് മാത്രം നൂറിലേറെ പേരാണ് പണം അയച്ചിട്ടുള്ളത്. ലഹരിയുടെ മുഖ്യവിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനോട് പങ്കുവയ്ക്കാൻ അറസ്റ്റിലായ കാവ്യ, കീർത്തന, നീഷ്മ എന്നീ അധ്യാപകർ തയാറായിട്ടില്ല.

അറസ്റ്റിലായവരുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ എത്തിയെന്നാണ് കണ്ടെത്തൽ. ഈ പണം നർക്കോട്ടിക് ബിസിനസ് വഴി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞാൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് പൊലീസിന്റെ നീക്കം. പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ വിദേശ ഫോൺ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത് എന്ന വിവരവും പൊലീസിന് ലഭിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe