വനിതാ ഏജന്റുമാർക്കെതിരെ നായ്ക്കുരണപ്പൊടി പ്രയോഗം; പേരാവൂരിലും ഉദിനൂരിലും കോൺഗ്രസ് പരാതിയുമായി രംഗത്ത്

news image
Apr 9, 2026, 1:16 pm GMT+0000 payyolionline.in

കണ്ണൂർ: വോട്ടെടുപ്പിനിടെ വടക്കൻ കേരളത്തിൽ യുഡിഎഫിന്റെ വനിതാ ബൂത്ത് ഏജന്റുമാർക്കെതിരെ നായ്ക്കുരണപ്പൊടി എറിഞ്ഞതായി പരാതി. പേരാവൂരിലെ മുഴക്കുന്ന് യുപി സ്കൂളിലെ ഏജന്റ് സജിതാ മോഹന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. സംഭവത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.

കാസർകോട് ഉദിനൂരിലെ 154-ാം നമ്പർ ബൂത്തിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു. കള്ളവോട്ട് ചോദ്യം ചെയ്തതിനെത്തുടർന്ന് എൽഡിഎഫ് പ്രവർത്തകർ വനിതാ ഏജന്റിന് നേരെ നായ്ക്കുരണപ്പൊടി വിതറുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. അതിനിടെ, തളിപ്പറമ്പ് 165-ാം നമ്പർ ബൂത്തിൽ ബിജെപി ഏജന്റിനെ സിപിഎം പ്രവർത്തകർ മർദിച്ചതായും പരാതി ഉയർന്നിട്ടുണ്ട്.

പയ്യന്നൂരിൽ കള്ളവോട്ട് ആരോപണം ശക്തം
പയ്യന്നൂരിൽ ഉച്ചയ്ക്ക് ശേഷം വ്യാപകമായി കള്ളവോട്ട് നടന്നതായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു. വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ച് വോട്ട് ചെയ്യാനെത്തിയവരെ പ്രിസൈഡിംഗ് ഓഫീസർമാർ സഹായിക്കുകയാണെന്നും, കണ്ടോത്ത് സ്കൂളിൽ കള്ളവോട്ട് ചെയ്യാനെത്തിയ ആളെ പിടികൂടിയപ്പോൾ ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെടാൻ അനുവദിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആരോപണങ്ങൾ തള്ളി എൽഡിഎഫ്
എന്നാൽ കള്ളവോട്ട് ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സി. കൃഷ്ണൻ (മധുസൂദനൻ) പ്രതികരിച്ചു. പയ്യന്നൂർ എൽഡിഎഫിന്റെ ശക്തികേന്ദ്രമാണെന്നും മാനസിക വിഭ്രാന്തി കാരണമാണ് കുഞ്ഞികൃഷ്ണൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഒരു നാടിനെയാകെ അപമാനിക്കാനാണ് ഇത്തരം പ്രചാരണങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കൻ മണ്ഡലങ്ങളിൽ പലയിടത്തും രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe