വയനാട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തില്‍ രണ്ട് ഇടങ്ങളിലായി സംസ്കരിച്ച അമ്മയുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കാൻ ഇടപെടൽ തേടി മകൻ. എട്ട് മാസമായി കളക്ടറേറ്റിൽ കയറി ഇറങ്ങിയിട്ടും നടപടി ഇല്ലെന്ന് മകൻ അനിൽ പറയുന്നു. ചൂരൽമല സ്വദേശിയായ വിജയമ്മയുടെ മൃതദേഹമാണ് പുത്തുമലയിൽ രണ്ടിടങ്ങളിലായി അടക്കിയത്. ഡിഎൻഎ പരിശോധനയിലെ മൃതദേഹഭാഗങ്ങൾ രണ്ട് സ്ഥലത്തായിട്ടാണ് സംസ്കരിച്ചിരിക്കുന്നതെന്ന് തെളിഞ്ഞിരുന്നു.

2024 ജൂലൈ 30 നാണ് കേരളത്തിന്‍റെ നോവായ വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. നികത്താനാവാത്ത നഷ്ടമാണ് ദുരിത ബാധിതര്‍ക്ക് വയനാട്ടില്‍ ഉണ്ടായത്. ജീവനും ജീവിതവും മണ്ണും പ്രകൃതിയും വിശ്വാസവും പ്രതീക്ഷകളും എല്ലാം മാഞ്ഞുപോയവര്‍. ദുരിതത്തില്‍ അകപ്പെട്ട നാല്‍പതില്‍ ഏറെ പേർ ഇനിയും കാണാമറയത്താണ്. ദുരന്തത്തിൽ മരിച്ച തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങൾ ഒരിടത്തായിരുന്നു സംസ്കരിച്ചിരുന്നത്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കിയാണ് സംസ്കരിച്ചിരുന്നത്. പിന്നീട് ഡിഎന്‍എ ഫലം വന്നപ്പോഴാണ് ചൂരൽമല സ്വദേശിയായ വിജയമ്മയുടെ മൃതദേഹാവശിഷ്ടങ്ങൾ രണ്ടിടങ്ങളിലായിട്ടാണ് അടക്കിയിരിക്കുന്നതെന്ന് തെളിഞ്ഞത്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            