വഴിയില്‍ വെച്ച് കാറിന്റെ ബാറ്ററി പണിമുടക്കിയോ? ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ റോഡില്‍ പെട്ടുപോവില്ല

news image
Oct 6, 2025, 2:20 pm GMT+0000 payyolionline.in

കാറിന്റെ ബാറ്ററി പണിമുടക്കി വഴിയരികില്‍ പെട്ടുപോകുന്ന അവസ്ഥയുണ്ടാവാറുണ്ടോ?. പലപ്പോഴും നമ്മളില്‍ ഭൂരിഭാഗം പേരും ഇങ്ങനെ പെട്ടുപോകുകയും കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാതെ ഒറ്റപ്പെട്ട പ്രദേശത്ത് നിന്ന് ബുദ്ധിമുട്ടാറുമുണ്ട്. മെകാനിക് എത്തി സഹായിക്കാന്‍ കഴിയാത്ത സ്ഥലത്താണ് നിങ്ങള്‍ കുടുങ്ങി പോയതെങ്കില്‍ ഈ അവസരങ്ങളില്‍ ഉപയോഗിക്കാവുന്ന ചില വിദ്യകളുണ്ട്. ബാറ്ററി തീര്‍ന്നുപോകുമ്പോള്‍ സ്വയം കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ലളിതമായ വഴികള്‍ അറിഞ്ഞിരിക്കാം.

കാര്‍ ആദ്യം തന്നെ പുഷ് സ്റ്റാര്‍ട്ട് ചെയ്യുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. കാര്‍ ന്യൂട്രല്‍ ഗിയറില്‍ ഇട്ട ശേഷം ഇഗ്നിഷന്‍ ഓണാക്കുക. ഈ സമയം ഡ്രൈവര്‍ സീറ്റില്‍ ആരെയെങ്കിലും ഇരുത്തണം. ശേഷം കാര്‍ പിന്നില്‍ നിന്ന് തള്ളാന്‍ ആരോടെങ്കിലും ആവശ്യപ്പെടുക. തുടര്‍ന്ന് കാര്‍ കുറച്ച് വേഗതയിലായാല്‍ ക്ലച്ച് അമര്‍ത്തി, രണ്ടാമത്തെയോ മൂന്നാമത്തെയോ ഗിയറിലേക്ക് മാറുക. ശേഷം പതിയെ ക്ലച്ച് വിടുക. ഇങ്ങനെ ചെയ്യുന്ന മിക്കസന്ദര്‍ഭങ്ങളിലും എഞ്ചിന്‍ സ്റ്റാര്‍ട്ട് ആവാറുണ്ട്. ആദ്യ ശ്രമത്തില്‍ വണ്ടി സ്റ്റാര്‍ട്ടായില്ലെങ്കില്‍ പരിഭ്രാന്തരാവാതെ രണ്ടാമതും ശ്രമിക്കുക.

മറ്റൊരു എളുപ്പമാര്‍ഗമാണ് ജമ്പര്‍ കേബിളുകള്‍ ഉപയോഗിക്കുക എന്നത്. പക്ഷെ ഇതിന് നിങ്ങളുടെ സമീപം മറ്റൊരു കാര്‍ കൂടി ആവശ്യമാണ്. ആദ്യം തന്നെ രണ്ടു കാറുകളും വശങ്ങളിലായി പാര്‍ക്ക് ചെയ്ത് രണ്ട് എഞ്ചിനുകളും ഓഫ് ചെയ്യുക. തുടര്‍ന്ന് സമീപത്തായി നിര്‍ത്തിയിട്ട കാറില്‍ നിന്നും നിങ്ങളുടെ കാറിലേക്ക് ജമ്പര്‍ കേബിളുകള്‍ ബന്ധിപ്പിക്കുക. തുടര്‍ന്ന് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുക. മിക്ക സന്ദര്‍ഭങ്ങളിലും ഇങ്ങനെ ചെയ്യുമ്പോള്‍ കാര്‍ ഉടന്‍ സ്റ്റാര്‍ട്ടാവാറുണ്ട്. കാറില്‍ എപ്പോഴും ജമ്പര്‍ കേബിളുകള്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷപ്പെടാന്‍ നിങ്ങളെ സഹായിക്കുന്നത് ജമ്പര്‍ കേബിളുകളായിരിക്കും.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം,
കാര്‍ സ്റ്റാര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ അത് തള്ളുകയോ ജമ്പര്‍ കേബിളുകള്‍ ഉപയോഗിക്കുകയോ ചെയ്താലും ഉടന്‍ തന്നെ വാഹനം ഓഫ് ചെയ്യരുത്. ഒരു 30 മിനിറ്റെങ്ങിലും കാര്‍ ഓടിക്കണം. ഇതുമൂലം ബാറ്ററി റീചാര്‍ജ് ചെയ്യുകയും കാര്‍ ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്യും

കാര്‍ സ്റ്റാര്‍ട്ടായി കഴിഞ്ഞാല്‍ ബാറ്ററിയുടെ അവസ്ഥ പരിശോധിക്കണം. ബാറ്ററി മോശം അവസ്ഥയില്‍ ആണെങ്കില്‍ മാറ്റി സ്ഥാപിക്കേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe