ജനങ്ങൾ നിത്യേന വാങ്ങുന്ന സാധനങ്ങളുടെ വിലനിലവാരം വാർഷികാടിസ്ഥാനത്തിൽ ഏറ്റവുമധികം കൂടിയ സംസ്ഥാനമെന്ന മോശം പ്രതിച്ഛായ തുടർച്ചയായ 8-ാം മാസവും നിലനിർത്തി കേരളം. ജൂണിൽ 6.71 ശതമാനവും ജൂലൈയിൽ 8.89 ശതമാനവുമായിരുന്ന കേരളത്തിലെ റീട്ടെയ്ൽ പണപ്പെരുപ്പം ഓഗസ്റ്റിൽ 9.04 ശതമാനത്തിലേക്കാണ് കൂടിയതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനവുമായി താരതമ്യം ചെയ്താൽപോലും കേരളത്തിലെ പണപ്പെരുപ്പം ഏറെ കൂടുതലാണ്. 3.81 ശതമാനവുമായി കർണാടകയാണ് വിലക്കയറ്റത്തിൽ രണ്ടാംസ്ഥാനത്ത്. ജമ്മു കശ്മീർ (3.75%), പഞ്ചാബ് (3.51%), തമിഴ്നാട് (2.93%) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. അസം (-0.66%), ഒഡീഷ (-0.55%), ഉത്തർപ്രദേശ് (0.26%) എന്നിവയാണ് പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങൾ.