അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നൽകുക. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടർന്ന് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടം പുനർനിർമ്മിക്കുമെന്നും കമ്പനി വ്യക്തമാക്കി.
അതിനിടെ അപകടത്തിൽ മരിച്ചവരെ കണ്ടെത്താനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങി. മൃതദേഹങ്ങൾ കൈമാറുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണ നടപടികൾ തുടങ്ങിയത്. ഗുജറാത്തിലെ ഗാന്ധിനഗർ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടത്തുക.
അപകടത്തെ കുറിച്ച് നിരവധി ചോദ്യങ്ങളുയരുന്നുവെന്നും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിത്സൻ വ്യക്തമാക്കി. അപകടത്തിൽപെട്ട വിമാനത്തിലുണ്ടായിരുന്ന ഒരാൾ ഒഴികെ ബാക്കി 241 പേരും കൊല്ലപ്പെട്ടതായാണ് വിവരം. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന ചിലരും കൊല്ലപ്പെട്ടെന്ന് സംശയമുണ്ട്. പരിക്കേറ്റ 41 പേർ ചികിത്സയിൽ കഴിയുകയാണെന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണർ അറിയിച്ചു.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            