വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; നടപടിയുമായി ആരോഗ്യ വകുപ്പ്

news image
Sep 16, 2022, 9:10 am GMT+0000 payyolionline.in

മലപ്പുറം: വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് വിഷബാധയേറ്റതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പിന്‍റെ  പരിശോധന. വെളിയങ്കോട് പുഴക്കരയിലെ വിവാഹ വീട്ടില്‍ നിന്ന് തലേന്ന് രാത്രിയില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ടര വയസ് മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്. ശനിയാഴ്ച രാത്രി വിവാഹ വീട്ടിലുണ്ടാക്കിയ ബിരിയാണിയാണ് ഓഡിറ്റോറിയത്തില്‍ എത്തിച്ച് വിളമ്പിയത്. ചൊവ്വാഴ്ച മുതല്‍ ഭക്ഷണം കഴിച്ച പല വീടുകളിലെ കുട്ടികള്‍ക്ക് വയറിളക്കവും പനിയും പിടിപെട്ടിരുന്നു.

 

തലേന്ന് വിവാഹ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളിലായിരുന്നു അസ്വസ്ഥതകള്‍ ആദ്യം കണ്ടത്. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അംഗം ഷീജ സുരേഷിന്‍റെ രണ്ട് കുട്ടികള്‍ക്കും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ക്ഷീണം അനുഭവപ്പെട്ടതിനാല്‍ ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ പ്രദേശത്തെ എണ്‍പതോളം വീടുകളില്‍ പരിശോധന നടത്തി. ബിരിയാണിയില്‍ നിന്നാണോ അതോ വെള്ളത്തില്‍ നിന്നാണോ വിഷബാധ ഏറ്റത് എന്നറിയാന്‍ പ്രദേശത്ത് നിന്നും ശേഖരിച്ച വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോബി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe