തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ്. സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ കർണാടകയിലെ ജ്വല്ലറി ഉടമ ഗോവർധനും അറസ്റ്റിലായി. ഗോവർധനാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത്.
ദ്വാരപാലക ശിൽപത്തിൽനിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്. ശബരിമലയിൽനിന്ന് കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസാണ് വേർതിരിച്ചെടുത്തത്. വേർതിരിച്ച സ്വർണം കൽപേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവർധനന് കൊടുത്തു എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ബെല്ലാരിയിൽ ഗോവർധനന്റെ ജ്വല്ലറിയിൽനടന്ന തെളിവെടുപ്പിൽ 800 ഗ്രാമിലധികം സ്വർണം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഗോവർധനുമായി അടുത്ത ബന്ധമുണ്ടെന്നും ജ്വല്ലറിയില് പോയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നും തന്ത്രി മൊഴി നൽകിയിരുന്നു.
ഇന്ത്യയിലെ പല പ്രധാന ക്ഷേത്രങ്ങളിലും സ്വർണം പൂശൽ ജോലികൾ ചെയ്തിട്ടുള്ള സ്ഥാപനമാണ് സ്മാർട്ട് ക്രിയേഷൻസ്. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ രൂക്ഷ വിമർശനമാണ് ഹൈകോടതി നടത്തിയത്. സ്വർണക്കൊള്ള അപൂർവമായ കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കി. കേസിനാസ്പദമായ സംഭവങ്ങൾ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ മതപരമായ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണ്. ആരോപണം കേട്ടുകേൾവിയില്ലാത്തതും ഗൗരവമേറിയതെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.
സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യഹരജി തള്ളിയാണ് ഹൈകോടതിയുടെ നിരീക്ഷണം. നിയമം എല്ലാവർക്കും ബാധകമാണ്. അത് ഒരേപോലെ പ്രത്യേക അന്വേഷണ സംഘം വിനിയോഗിക്കണം. അന്വേഷണത്തിൽ വിവേചനം പാടില്ല. ഉത്തരവാദപ്പെട്ട ആളുകളിലേക്ക് അന്വേഷണം കൊണ്ടുപോകുന്നതിൽ എസ്.ഐ.ടി അലംഭാവം കാണിക്കുന്നു. അഴിമതി സമൂഹത്തെ ബാധിക്കുന്ന കാൻസറാണെന്നും ഇത്തരം കേസുകൾ കോടതികൾ സമാന്തരമായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണെന്നും കോടതി ചൂണ്ടിക്കാട്ടി.
കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും കണക്കിലെടുക്കുമ്പോൾ ഒരു പുണ്യ ക്ഷേത്രത്തിലെ വിഗ്രഹത്തിനും തിരുവാഭരണത്തിലും പതിച്ചിരിക്കുന്ന സ്വർണം അധികാരികൾ ചേർന്ന് ദുരുപയോഗം ചെയ്തെന്ന ആരോപണം കേട്ടുകേൾവിയില്ലാത്തതാണ്. വിശ്വാസികളെ ബാധിക്കുന്ന കാര്യമാണ്. ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ തന്നെ അതിനെ നശിപ്പിക്കുന്നവരായി മാറുന്നു.
ഗൂഢാലോചനയും ഉദ്യോഗസ്ഥ പങ്കാളിത്തവും വളരെ വ്യക്തമാണ്. രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമാകും. സ്വർണം പൂശിയ ദ്വാരപാലക വിഗ്രഹങ്ങളും പാളികളും വെറും ചെമ്പാണെന്ന് രേഖപ്പെടുത്തിയത് സ്വർണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.
മുതിർന്ന ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ദേവസ്വം മാനുവൽ പ്രകാരം സ്വർണ ഉരുപ്പടികൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ പ്രതികൾ ലംഘിച്ചു. ഇത് ഗൂഢാലോചനയുടെ തുടർച്ചയാണെന്ന് സംശയിക്കണം. ദേവസ്വം ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തമില്ലാതെ ഇത്രയും വലിയ സ്വർണവേട്ട നടക്കില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
