ദില്ലി: നിർമല സീതാരാമൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ എട്ടാം ശമ്പള കമ്മീഷനെക്കുറിച്ച് അനുകൂലമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ശമ്പള വർദ്ധനവിനെക്കുറിച്ചോ പുതിയ കമ്മീഷൻ നടപ്പിലാക്കുന്നതിനെക്കുറിച്ചോ യാതൊരു പരാമർശവും ഉണ്ടായില്ല. സാമ്പത്തിക വളർച്ച, അടിസ്ഥാന സൗകര്യ വികസനം, മൂലധനച്ചെലവ് എന്നിവയ്ക്കാണ് ബജറ്റിൽ പ്രധാനമായും ഊന്നൽ നൽകിയത്. ശമ്പള പരിഷ്കരണം സംബന്ധിച്ച ശുപാർശകൾ ഇതുവരെ അന്തിമഘട്ടത്തിൽ എത്താത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പുതിയ കമ്മീഷന്‍റെ ശുപാർശകൾ ലഭിച്ച ശേഷം മാത്രമേ ബജറ്റിൽ അതിനായുള്ള തുക വകയിരുത്തുകയുള്ളൂ.
എന്തുകൊണ്ടാണ് ശമ്പള പരിഷ്കരണം വൈകുന്നത്?
എട്ടാം ശമ്പള കമ്മീഷന്‍റെ രൂപീകരണം സംബന്ധിച്ച പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കമ്മീഷന്‍റെ പ്രവർത്തന മാനദണ്ഡങ്ങൾക്ക് സർക്കാർ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, നിലവിലെ ശമ്പള ഘടന, രാജ്യത്തെ സാമ്പത്തിക സ്ഥിതി, ജീവനക്കാരുടെ ആവശ്യങ്ങൾ എന്നിവ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് ഏകദേശം 18 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് കമ്മീഷന്‍റെ റിപ്പോർട്ട് 2027 അവസാനമോ അല്ലെങ്കിൽ 2028 ആദ്യമോ മാത്രമേ സർക്കാരിന് മുന്നിൽ എത്തുകയുള്ളൂ. ശുപാർശകൾ സമർപ്പിക്കപ്പെട്ട ശേഷം സർക്കാർ അവ പരിശോധിച്ച് ഔദ്യോഗികമായി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. അതിനാൽ തന്നെ ഉടനടി ഒരു ശമ്പള വർദ്ധനവ് ഈ ഘട്ടത്തിൽ പ്രതീക്ഷിക്കാനാവില്ല
കുടിശ്ശിക ലഭിക്കാനുള്ള സാധ്യതകൾ
ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ വൈകിയാലും ജീവനക്കാർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകില്ലെന്നാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്‍റെ കാലാവധി 2025 ഡിസംബർ 31-ന് അവസാനിച്ച സാഹചര്യത്തിൽ, എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാനാണ് സാധ്യത. പുതിയ ശമ്പള ഘടന ഔദ്യോഗികമായി നിലവിൽ വരുന്നത് വരെ 2026 ജനുവരി മുതലുള്ള അധിക തുക കുടിശ്ശികയായി ജീവനക്കാർക്ക് ലഭിക്കും. ഇത് പലപ്പോഴും 12 മുതൽ 24 മാസം വരെയുള്ള കുടിശ്ശിക ഒന്നിച്ച് ലഭിക്കുന്നതിന് കാരണമാകും. ഇത്തരത്തിൽ ലഭിക്കുന്ന വലിയൊരു തുക ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ സാമ്പത്തിക നേട്ടമായി മാറാറുണ്ട്.
ക്ഷാമബത്ത ആനുകൂല്യങ്ങൾ തുടരും
പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നത് വരെ നിലവിലെ ഏഴാം ശമ്പള കമ്മീഷന്‍റെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ശമ്പളവും പെൻഷനും വിതരണം ചെയ്യുക. എങ്കിലും വിലക്കയറ്റത്തിന് ആനുപാതികമായി നൽകുന്ന ക്ഷാമബത്ത വർദ്ധനവ് കൃത്യമായ ഇടവേളകളിൽ തുടരുന്നതാണ്. നിലവിലെ കണക്കുകൾ പ്രകാരം ജനുവരി മുതൽ ക്ഷാമബത്തയിൽ ഏകദേശം രണ്ട് ശതമാനം മുതൽ നാല് ശതമാനം വരെ വർദ്ധനവുണ്ടായേക്കാം. ശമ്പള പരിഷ്കരണം നടപ്പിലാക്കുമ്പോൾ അന്നുവരെയുള്ള ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുകയാണ് പതിവ്. ഫിറ്റ്‌മെന്‍റ് ഫാക്ടർ 1.9 മുതൽ 3.0 വരെയാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം, ഇത് അടിസ്ഥാന ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉറപ്പാക്കും.
