“ശാസ്ത്ര-സാങ്കേതിക വിദ്യ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മാറ്റും: ഡോ. തോമസ് ഐസക്”

news image
Oct 30, 2025, 9:43 am GMT+0000 payyolionline.in

പയ്യോളി : നവീന ശാസ്ത്ര സാങ്കേതിക വിദ്യകളിലെ വികാസത്തിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ പരിവർത്തിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇത് സമയം എടുത്ത് നടക്കുന്ന പ്രവർത്തനമാണെന്നും ഡോ.തോമസ് ഐസക് അഭിപ്രായപ്പെട്ടു.

കൊടക്കാട് ശ്രീധരൻ മാസ്റ്റർ അനുസ്മരണ പരിപാടിയിൽ “ശാസ്ത്ര സാങ്കേതിക വിദ്യാ വികാസവും വരും കാല കേരളവും” എന്ന സംവാദ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂതന സാങ്കേതിക വിദ്യകളുടെ അടിത്തറയിൽ നിന്നു കൊണ്ടുള്ള സ്റ്റാർട്-അപ്പുകൾ, കാർഷിക – ചെറുകിട മേഖലകളുടെ സാങ്കേതിക നവീകരണം തുടങ്ങിയ പദ്ധതികളിലൂടെ വിജ്ഞാന സമ്പദ് വ്യവസ്ഥ രൂപപ്പെടുത്താൻ കഴിയും.

ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ, പഠനം പൂർത്തിയാക്കി പുറത്ത് നിൽക്കുന്നവർ, അഭ്യസ്ഥ വിദ്യരായ വീട്ടമ്മമാർ തുടങ്ങിയവർക്ക് പുതുതായി രൂപപ്പെടുന്ന തൊഴിലവസരങ്ങളിൽ നിന്ന് ഇഷ്ടപ്പെട്ട തൊഴിൽ തെരഞ്ഞടുക്കാൻ കഴിയും. അതിന് അവരെ സഹായിക്കാൻ കഴിയുന്ന വിധമുള്ള നൈപുണി വികസന (സ്കിൽ ഡവലപ്മെൻ്റ്) ത്തിനുള്ള പിന്തുണാ സംവിധാനം സർക്കാർ ചെയ്യും.

ഈ രീതിയിൽ 30 ലക്ഷം പേർക്കെങ്കിലും ഒരു വർഷം കൊണ്ട് തൊഴിൽ നൽകാൻ കഴിയുമെന്നും ഇങ്ങനെ വരുന്ന തൊഴിലവസരങ്ങൾ വഴി 54,000 കോടി രൂപ പ്രതിവർഷം സാധാരണക്കാരുടെ വീടുകളിലേക്കെത്തുമെന്നും ഇത് തീർച്ചയായും വലിയൊരുമാറ്റം കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടന്ന കൊടക്കാർമ്മ’25 പരിപാടിയിൽ ടി.കെ. രുഗ്മാംഗദൻ മാസ്റ്റർ കൊടക്കാട് അനുസ്മരണപ്രഭാഷണം നടത്തി. കൊടക്കാട് ശ്രീധരൻ മാസ്റ്റർ രചിച്ച കവിതകളുടെ സംഗീതാവിഷ്കാരവും നടന്നു. ജി.ആർ. അനിൽ സ്വാഗതമാശംസിച്ചു. അജയ് ബിന്ദു.കെ അധ്യക്ഷത വഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe