കൊട്ടാരക്കര: കൊട്ടാരക്കര ഐ.ടി നഗരമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ആദ്യ വര്‍ക്ക് നിയര്‍ ഹോം ‘കമ്യൂണ്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി എല്ലാപ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാനാകും. പല കാരണങ്ങള്‍കൊണ്ട് ജോലി ഉപേക്ഷിക്കേണ്ടിവന്ന അഭ്യസ്തവിദ്യരായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനത്തിലൂടെ നൈപുണ്യവും തൊഴിലവസരവും ഉറപ്പാക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പും വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്നും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കൊട്ടാരക്കരയില്‍ ഐ.ടി പാര്ക്കിന് പുറമേ സംസ്ഥാനത്തെ ആദ്യ ഡ്രോണ്‍ പാര്‍ക്ക്, സയന്‍സ് മ്യൂസിയം, പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, കേരള യൂനിവേഴ്സിറ്റിയുടെ റീജനല്‍ സെന്റര്‍ എന്നിവകൂടി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനായി. എഴുകോണ്‍ പോളിടെക്നിക്കില്‍ ഡ്രോണ്‍ റിസര്‍ച്ചുമായി ബന്ധപ്പെട്ട കോഴ്സ് ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. നേത്രാസെമി, പ്രോംടെക് ഗ്ലോബല്‍, വൊന്യൂ, സോഹോ തുടങ്ങിയ കമ്പനികൾ വര്‍ക്ക് നിയര്‍ ഹോമില്‍ പ്രവര്ത്തിക്കുന്നതുസംബന്ധിച്ച ധാരണാപത്രം ചടങ്ങില്‍ കൈമാറി.
സോഹോ കോർപറേഷന് കോ ഫൗണ്ടര്‍ ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല കലക്ടര്‍ എന്‍. ദേവിദാസ്, കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അനിത ഗോപകുമാര്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്. അരുണ്‍ ബാബു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. രേഖ, ദിവ്യ ചന്ദ്രശേഖര്‍, പി. പ്രിയ, മനു ബിനോദ്, വി. വിദ്യ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജി. സരസ്വതി, അംഗങ്ങളായ അഡ്വ. വി. സുമലാല്‍, കെ.എസ്. ഷിജുകുമാര്‍, കൊട്ടാരക്കര നഗരസഭ വൈസ് ചെയര്മാന് എ. ഷാജു, കൗണ്‍സിലര്‍ എസ്.ആര്. രമേശ്, കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം. റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
