സംസ്ഥാനത്തെ കുറഞ്ഞ പോളിംഗ് നല്‍കുന്ന സൂചന എന്ത്, കൂടുതല്‍ അലോസരം ഏത് മുന്നണിക്ക്?

news image
Apr 27, 2024, 4:21 am GMT+0000 payyolionline.in

തിരുവനന്തപുരം: എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് ആശങ്ക സമ്മാനിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുകയാണ് കേരളത്തില്‍. ഇതുവരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 70.35 മാത്രമാണ് പോളിംഗ് ശതമാനം. കുറഞ്ഞ പോളിംഗ് നിരക്ക് സംസ്ഥാനത്തെ ട്രെന്‍ഡിന്‍റെ സൂചന നല്‍കുന്നുണ്ടോ? ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 1980 മുതൽ ഇതുവരെ ഉള്ള പോളിംഗ് ശതമാനത്തില്‍ വന്ന മാറ്റവും മുന്നണികൾക്ക് ലഭിച്ച സീറ്റുകളും എങ്ങനെ എന്ന് നോക്കാം.

1980ൽ 62.16 ശതമാനം പോളിംഗ് നടന്നപ്പോള്‍ എല്‍ഡിഎഫ് 12 ഉം യുഡിഎഫ്‌ 8 ഉം സീറ്റുകള്‍ നേടി. 1984ൽ 77.13 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ യുഡിഎഫ് 17, എല്‍ഡിഎഫ് 3 എന്നിങ്ങനെയായിരുന്നു സീറ്റ് നില. 1989ലെ പൊതു തെരഞ്ഞെടുപ്പില്‍ 79.30 ശതമാനം വോട്ടുകളാണ് കേരളത്തില്‍ പെട്ടിയില്‍ വീണത്. യുഡിഎഫ് 17, എല്‍ഡിഎഫ് 3 എന്ന നില തുടര്‍ന്നു. 1991ല്‍ 73.32 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ യുഡിഎഫ് 16, എല്‍ഡിഎഫ് 4 എന്ന നിലയില്‍ വോട്ടെണ്ണല്‍ അവസാനിച്ചു. 1996ല്‍ 71.11 ശതമാനമായിരുന്നു പോളിംഗ്. 10 വീതം സീറ്റുകളുമായി ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്‌ചവെച്ചു. 1998ലെ 70.66 ശതമാനം വോട്ടിംഗില്‍ യുഡിഎഫ് 11, എല്‍ഡിഎഫ് 9 എന്നിങ്ങനെയായിരുന്നു ഫലം. 1999ല്‍ 70.19 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ സീറ്റുനിലയില്‍ മാറ്റമുണ്ടായില്ല. യുഡിഎഫ് 11, എല്‍ഡിഎഫ് 9.

 

ഇടത് തരംഗമുണ്ടായ 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 71.45 ശതമാനം വോട്ടുണ്ടായപ്പോള്‍ എല്‍ഡിഎഫ് 18 സീറ്റുകള്‍ തൂത്തുവാരി. എന്നാല്‍ 73.38 ശതമാനം പേര്‍ വോട്ട് ചെയ്‌ത 2009ല്‍ 16 സീറ്റുകളുമായി യുഡിഎഫ് തിരിച്ചുവന്നു. എല്‍ഡിഎഫ് നാല് ജയങ്ങളില്‍ ഒതുങ്ങി. 2014ല്‍ 73.94 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്‌തപ്പോള്‍ യുഡിഎഫ് 12, എല്‍ഡിഎഫ് 8 എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് തരംഗം കണ്ട 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളും മുന്നണി വാരിയപ്പോള്‍ എല്‍ഡിഎഫ് ആലപ്പുഴയിലെ ഒറ്റ വിജയത്തില്‍ ഒതുങ്ങി എന്നതാണ് ചരിത്രം. ഇത്തവണ ഏകദേശം 7 ശതമാനത്തോളം പോളിംഗ് കുറഞ്ഞത് ചരിത്രം വച്ച് നോക്കിയാല്‍ ഇടത്, വലത് മുന്നണികളെ വലിയ സമ്മര്‍ദത്തിലാക്കുന്ന ഘടകം തന്നെയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe