പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. മറ്റന്നാൾ സമര പ്രഖ്യാപനം ഉണ്ടാകും. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകൾ പ്രധാനമായി ആവശ്യപ്പെടുന്നത്.
കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകളാണ് വിദഗ്ധ സമിതി റിപ്പോർട്ടിലുള്ളത്. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. കെഎസ്ആർടിസി ഷെഡ്യൂളുകൾ പുനക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒന്നും റിപ്പോർട്ടിൽ ഇല്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം.
