സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ 72120 രൂപയിലേക്ക് സ്വർണവില കയറി. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 8985 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച പൊന്നിന്റെ വില 9015 ലേക്ക് എത്തി. ഇന്നലെ രണ്ടുതവണയായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നു. ഇന്നലെ രാവിലെ ഗ്രാമില്‍ 55 രൂപ കൂടിയെങ്കിലും ഉച്ചയ്ക്കുശേഷം 145 രൂപയുടെ കുറവുണ്ടായി.
ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട് യു.എസും യു.കെയും നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന വാര്‍ത്തകളായിരുന്നു വില കുറയുന്നതിലേക്ക് നയിച്ചത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 7,400 രൂപയാണ്.
ഏതൊരു യുദ്ധവും സ്വര്‍ണത്തില്‍ വലിയ പ്രതിഫലനമുണ്ടാക്കും. റഷ്യ-ഉക്രെയ്ന് യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷവും സ്വര്‍ണവില ഉയര്‍ത്തിയിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് പോയാല്‍ സ്വര്‍ണവിലയിലും അത് പ്രതിഫലിക്കാൻ സാധ്യതയുണ്ട്.