സന്ദീപ് വാര്യർക്കായി തവനൂരിൽ ഫ്‌ളക്‌സ്; ശബരിനാഥനെ വേണ്ടേ വേണ്ടെന്ന് അരുവിക്കരയിൽ പോസ്റ്റർ

news image
Mar 15, 2026, 9:00 am GMT+0000 payyolionline.in

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർക്കായി ഫ്‌ളക്‌സ്. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ ആണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. ‘തവനൂരിന്റെ മണ്ണിലേക്ക് സന്ദീപ് വാര്യർക്ക് സ്വാഗതം’ എന്നാണ് ഫോട്ടോ സഹിതമുള്ള ഫ്ളക്സിലെ വാചകം. തവനൂരിലെ സ്ഥാനാർത്ഥിയെ പാർട്ടി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപെയാണ് ഫ്‌ളക്‌സ് വെച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തിലും യുഡിഎഫ് ആണ് ഭരണം പിടിച്ചത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. അതേസമയം എൽഡിഎഫിൽനിന്ന് മുൻ മന്ത്രി കെ ടി ജലീൽ തവനൂരിൽ മത്സരിക്കുമെന്നാണ് സൂചന.

അതേസമയം അരുവിക്കരയിൽ കെ എസ് ശബരിനാഥനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ശബരിനാഥനെ അരുവിക്കരയ്ക്ക് വേണ്ടേ വേണ്ട, കുടുംബാംഗങ്ങളെ കൊണ്ട് പിണറായി സ്തുതി പാടിച്ച ശബരിനാഥൻ വേണ്ട’ എന്നെല്ലാം എഴുതിയ പോസ്റ്ററാണ് കോൺഗ്രസ് അരുവിക്കര എന്ന പേരിൽ പതിച്ചിരിക്കുന്നത്.
‘കഴിഞ്ഞ അഞ്ച് വർഷം അരുവിക്കരയെ തിരിഞ്ഞു നോക്കാത്ത ശബരിനാഥനെ അരുവിക്കരയ്ക്ക് വേണ്ടേ വേണ്ട, ഈ എടുക്കാ ചരക്കിനെ അരുവിക്കരയിൽ അടില്ലേൽപ്പിക്കരുത്’, ‘കഴിഞ്ഞ അഞ്ച് വർഷം അരുവിക്കരയെ മറന്ന് കുടുംബാംഗങ്ങളെ കൊണ്ട് പിണറായി സ്തുതി പാടിച്ച ശബരിനാഥനെ അരുവിക്കരയ്ക്ക് വേണ്ട’ എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.
ഡിസിസി ഓഫീസിനു മുന്നിലും പോസ്റ്റർ പതിച്ചിട്ടുണ്ട്. നേമത്ത് പരിഗണിച്ചിരുന്ന ശബരിനാഥനെ അരുവിക്കരയിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നു. ഈ നീക്കത്തിന് ഇടയിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe