സന്നിധാനത്ത് ദർശനം ലഭിക്കാത്ത തീർഥാടകർ മാല ഊരി നാട്ടിലേക്ക് തിരിച്ചു

news image
Nov 18, 2025, 10:33 am GMT+0000 payyolionline.in

പന്തളം: സന്നിധാനത്ത് ദർശനം ലഭിക്കാതെ തീർഥാടകർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തിയതിനു ശേഷം മാല ഊരി നാട്ടിലേക്ക് തിരിച്ചു. വൃശ്ചിക മാസത്തിലെ ആദ്യ ദിവസങ്ങളിൽ തന്നെ ശബരിമലയിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടതിനാൽ ശബരിമലയിൽ ദർശനത്തിനെത്തിയ ഇതര സംസ്ഥാന അയ്യപ്പഭക്തന്മാർ ശബരിമല ദർശനം പൂർത്തിയാക്കാതെ പന്തളം വലിയ കോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രം സന്ദർശിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും ദർശിച്ച ശേഷം നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു മടങ്ങി.

ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുവരെ ദർശനം അനുവദിക്കുന്നിച്ചിരുന്നു. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി​ഗതിയിലേക്ക് എത്തിയിരിക്കുകയാണ്.

അതേസമയം, സന്നിധാനത്ത് ദർശനം ലഭിക്കാതെ തീർത്ഥാടകർ മടങ്ങിപ്പോകുന്നുണ്ട്. ഈ തീർഥാടകർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ബെം​ഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് പന്തളത്തേക്ക് മടങ്ങിയെത്തിയത്.

സന്നിധാനത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തീർഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണം. സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പൊലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് പറയപ്പെടുന്നു. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാൻ സാധാരണയായി ഉണ്ടാകാറുള്ള എൻ.ഡി.ആർ.എഫ്, ആർ.എ.എഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe