കോഴിക്കോട്: കോഴിക്കോട് അച്ഛനും രണ്ടാനമ്മയും ചേർന്ന് ജീവനെടുത്ത ആറുവയസ്സുകാരി അതിഥി നമ്പൂതിരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. പിഞ്ചുകുഞ്ഞിന്‍റെ ശരീരത്തിൽ മുറിവുകളുടെ അറുപതോളം പാടുകളാണുണ്ടായിരുന്നത്. എന്നാല്‍ സാക്ഷി മൊഴി അനുകൂലമായിട്ടും വിചാരണക്കോടതി പ്രതികൾക്ക് കൊലക്കുറ്റം ചുമത്തിയില്ലെന്ന് വിചാരണ കോടതിയിൽ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ഷിബു ജോർജ് പറയുന്നു. കുഞ്ഞിന്‍റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നെന്നും ഒരു സാക്ഷിയും കൂറുമാറിയിരുന്നില്ല. ദിവസങ്ങളോളം കുഞ്ഞിനെ പട്ടിണിക്കിട്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ സഹോദരനും മുത്തശ്ശിയും ഉൾപ്പെടെയുള്ളവർ സാക്ഷി മൊഴി നൽകിയിട്ടും വിചാരണ കോടതി കൊലപാതകക്കുറ്റം ചുമത്തിയില്ല. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പ്രതികളായ സുബ്രമണ്യന്‍ നമ്പൂതിരി റംല ബീഗം എന്നിവര്‍ക്ക് ഹൈക്കോടതി ഇന്നലെ ജീവപര്യന്തം ശിക്ഷ വിധിക്കുകയാണുണ്ടായത്. പ്രതികൾ 2 ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
2013 ഏപ്രിൽ 29നാണ് ഇരുവരും ചേർന്ന് കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ആറ് വയസുകാരിയായ പെൺകുട്ടിയെ പട്ടിണിക്കിട്ടും ശാരീരികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. പാലക്കാട് ക്ഷേത്രത്തിലെ പൂജാരിയാണ് ഒന്നാം പ്രതിയായ സുബ്രഹ്മണ്യൻ നമ്പൂതിരി. ജസ്റ്റിസുമാരായ വി.രാജാവിജയരാഘവൻ, കെ.വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            