തിരുവനന്തപുരം: വിസി നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു. ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും ചാൻസിലർ അംഗീകരിച്ചു. സിസ തോമസിന്റെ നിയമനത്തിൽ സർക്കാർ വഴങ്ങിയിരിക്കുകയാണ്. നിയമനം സംബന്ധിച്ച് ലോക്ഭവൻ വിജ്ഞാപനം പുറത്തിറക്കി. നാളെ സുപ്രീം കോടതിയെ തീരുമാനം അറിയിക്കും.
കെടിയുവിലെയും അതുപോലെ ഡിജിറ്റൽ സര്‍വകലാശാലയിലെയും സ്ഥിരം വിസി നിയമനത്തിൽ സര്‍ക്കാര്‍, ഇപ്പോള്‍ അംഗീകരിച്ചിട്ടുള്ള സജി ഗോപിനാഥിന്റെ അടക്കം രണ്ട് പേരുകളായിരുന്നു പരിഗണിച്ചിരുന്നത്. മുഖ്യമന്ത്രി ആ പേരുകളുമായി മുന്നോട്ട് പോയി. എന്നാൽ ഗവര്‍ണര്‍ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മിൽ വിസി നിയമനവുമായി ബന്ധപ്പെട്ട് വിരുദ്ധാഭിപ്രായങ്ങളാണ് നിലനിന്നിരുന്നത്. ഒടുവിൽ സുപ്രീം കോടതി തന്നെ ഇക്കാര്യത്തിൽ സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചിട്ടുള്ള റിട്ട. ജസ്റ്റിസ് സുധാംശുവിനോട് സ്വന്തം നിലയിൽ നിയമനവുമായി മുന്നോട്ട് പോകാൻ നിര്‍ദേശം നൽകിയിരുന്നു. നാളെ അദ്ദേഹം വിസിമാരുടെ നിയമനത്തിൽ തീരുമാനമെടുക്കാനിരിക്കേയാണ് പൊടുന്നനെ സര്‍ക്കാരും ഗവര്‍ണറും തമ്മിൽ യോജിപ്പിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി സിസ തോമസും സര്‍ക്കാരും തമ്മിൽ വൻ നിയമപോരാട്ടത്തിലായിരുന്നു.
