ന്യൂഡൽഹി: പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ നടത്തിയ ആക്രമണത്തിൽ ലക്ഷ്യങ്ങൾ തകർക്കാൻ കഴിഞ്ഞതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധ സേനയെ അഭിനന്ദിച്ചു. ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഓപറേഷൻ സിന്ദൂർ നടത്തിയത് എല്ലാവർക്കും അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാരോട് മോദി ഇക്കാര്യം പറഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇത് ഒരു പുതിയ ഇന്ത്യയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുധനാഴ്ച അർധരാത്രിയാണ് പാകിസ്താനെ വിറപ്പിച്ചു കൊണ്ട് ഇന്ത്യ ഭീകര ക്യാമ്പുകളെ ലക്ഷ്യം വെച്ചത്.
വെറും 25 മിനിറ്റ് നീണ്ടുനിന്ന ഏകോപിത മിന്നലാക്രമണത്തിൽ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് ഭീകര കേന്ദ്രങ്ങളെയാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചത്.
വിശ്വസനീയമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനിക നടപടിയെന്നും ലക്ഷ്യങ്ങൾ തിരഞ്ഞെടുത്തതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഭീകര കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാകിസ്താൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യ വാദിച്ചു. ഏപ്രിൽ 22നാണ് പഹൽഗാമിൽ അതിർത്തി കടന്നെത്തിയ ഭീകരന്മാർ നിരപരാധികളെ കൂട്ടക്കൊല ചെയ്തത്.