
ചെന്നൈ: മലയാള-തമിഴ് സിനിമകളിൽ അഭിനയിച്ച അഞ്ജു കൃഷ്ണ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. ഇവർക്കൊപ്പം തമിഴ് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന വിൻസിയും അറസ്റ്റിലായിട്ടുണ്ട്. ആകെ എട്ട് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്.
മെറ്റാഫെത്തമിൻ, കഞ്ചാവ് എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥനായ ജോണി ചെല്ലപ്പ കഴിഞ്ഞ ദിവസം വിഗ്നേശ്വരൻ എന്നയാളെ ലഹരി കേസിൽ അറസ്റ്റ് ചെയ്തിരുന്നു. വെങ്കടേശ്വർ എന്നയാളിൽ നിന്നാണ് താൻ മയക്കുമരുന്ന് വാങ്ങുന്നതെന്ന് ഇയാൾ മൊഴി നൽകി. തുടർന്ന് ഇടപാടുകാരെന്ന വ്യാജേന പൊലീസ് ഇയാളുമായി ബന്ധപ്പെട്ടു. തുടർന്ന് കാറിൽ വരികയായിരുന്ന വിഗ്നേശ്വരനെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
ആറ് ഗ്രാം മെത്താഫെറ്റമിനും ഏഴ് ഗ്രാം കഞ്ചാവുമാണ് പൊലീസ് പിടികൂടിയത്. ഇതുകൂടാതെ ഒമ്പത് മൊബൈൽ ഫോണുകളും സ്റ്റാമ്പുകളും പുകവലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെത്തിയിട്ടുണ്ട്.
മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിൽ പൊലീസ് പ്രതികളെ ചോദ്യം ചെയ്യുകയാണ്. മലയാള സിനിമയിലും സജീവമായ അഞ്ജു കൃഷ്ണന്റെ വെള്ളിമലൈ പോലുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മ ആരോ, ആകാശം കടന്ന് എന്നിവയാണ് അഞ്ജു കൃഷ്ണ അഭിനയിച്ച മലയാള ചിത്രങ്ങൾ.
