തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് പൊതുഭരണ സെക്രട്ടറി കെ ബിജു. വീടുകളുടെ പട്ടിക തയ്യാറാക്കലും സെൻസസുമാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. കേരളത്തിൽ ജൂലൈ ഒന്ന് മുതൽ 30 വരെ വീടുകളുടെ കണക്കെടുപ്പ് നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കുമെന്നും കെ ബിജു പറഞ്ഞു.
ആകെ 33 ചോദ്യങ്ങളാണ് ഇതിനായി വിജ്ഞാപനം ചെയ്തിട്ടുള്ളത്. പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ നൽകാൻ നാളെ മുതൽ 15 ദിവസത്തേക്ക് https://se.census.gov.in/ എന്ന പോർട്ടൽ വഴി ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യം ലഭ്യമാണ്. ഈ വിവരങ്ങൾ പിന്നീട് ഫീൽഡ് സന്ദർശന വേളയിൽ എന്യൂമറേറ്റർമാർ പരിശോധിച്ച് സ്ഥിരീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവരശേഖരണത്തിനായി അധ്യാപകരും ജീവനക്കാരുമടങ്ങുന്ന 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയും സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്. എന്യൂമറേറ്റർമാർ ‘HLO’ ആപ്പ് ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ‘സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം’ പോർട്ടലും ഉപയോഗിക്കും. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്നും കെ ബിജു പറഞ്ഞു.
വരും ദിവസങ്ങളിൽ സെൻസിന് നിയോഗിക്കപ്പെട്ട ജീവനക്കാരുടെ ഷിഫ്റ്റ് സമ്പ്രദായം സംബന്ധിച്ച് സർക്കാറുമായി ചർച്ച നടത്തുമെന്ന് സെൻസസ് ഡയറക്ടർ ഡോ. മിത്ര പറഞ്ഞു. കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത തരത്തിൽ അധ്യാപകരെ സെൻസസ് പ്രവർത്തനങ്ങൾക്ക് നിയോഗിക്കും. സെൻസസുമായി സഹകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും 1000 രൂപ പിഴയും തടവും ശിക്ഷ വിധിക്കുമെന്നും മിത്ര പറഞ്ഞു. വിദേശത്തുള്ള ഇന്ത്യക്കാർ സെൻസസിന്റെ ഭാഗമാകില്ലെന്നും മിത്ര പറഞ്ഞു.
